ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം; ദോഹ-കുവൈറ്റ് റൂട്ടില്‍ ഖത്തര്‍ എയര്‍വേസ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹകുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തും.
കുവൈറ്റ്: കുവൈറ്റിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി ഖത്തര്‍ എയര്‍വേസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂണ്‍ 21 ശനിയാഴ്ച മുതല്‍ ദോഹകുവൈറ്റ് റൂട്ടില്‍ വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തും. പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയ്ക്ക് ശമനമായതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ പ്രധാന സൂചനയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാന റൂട്ടുകളിലൊന്നായ ദോഹ കുവൈത്ത് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസമാകും. മേഖലയിലെ സുരക്ഷാ ആശങ്കകളും വ്യോമപാതാ നിയന്ത്രണങ്ങളും കാരണം സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഖത്തര്‍ എയര്‍വേസ് ശനിയാഴ്ച മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍4 കേന്ദ്രീകരിച്ചാണ് സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.
യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് നിലവില്‍ പ്രതിദിന സര്‍വീസുകളാണ് ഖത്തര്‍ എയര്‍വേസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രാ ഡിമാന്‍ഡില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ വിലയിരുത്തി വരും ദിവസങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. സുരക്ഷാ സാഹചര്യങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചും അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമായിരിക്കും സര്‍വീസുകള്‍ നടത്തുക. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നതോടെ ഖത്തറും കുവൈത്തും തമ്മിലുള്ള വ്യാപാര, സാമ്പത്തിക, സാമൂഹിക ബന്ധങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുമെന്നാണ് പ്രതീക്ഷ.
അതേസമയം, യാത്രയ്ക്ക് പുറപ്പെടുന്നതിന് മുന്‍പായി വിമാന സമയക്രമം പരിശോധിക്കാനും ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ വന്നിട്ടുള്ള ഏറ്റവും പുതിയ യാത്രാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഖത്തര്‍ എയര്‍വേസ് യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.
Comments ()