ഏത് പ്രതിസന്ധിയെയും നേരിടാൻ തയ്യാറാകണം; ഖത്തർ അമീറിന്റെ മുന്നറിയിപ്പ്

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഖത്തറിന്റെ സാമ്പത്തിക രംഗത്തും പ്രകടമായതായി അമീർ ചൂണ്ടിക്കാട്ടി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദേശീയ വരുമാനത്തിൽ 42 ശതമാനം ഇടിവുണ്ടായപ്പോൾ ചെലവുകൾ 14 ശതമാനം കുറയ്ക്കേണ്ടിവന്നു

ഏത് പ്രതിസന്ധിയെയും നേരിടാൻ തയ്യാറാകണം; ഖത്തർ അമീറിന്റെ മുന്നറിയിപ്പ്

ഖത്തർ സിറ്റി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും സുരക്ഷയെയും ബാധിക്കുന്ന പശ്ചാത്തലത്തിൽ ഏത് പ്രതിസന്ധിയെയും നേരിടാൻ രാജ്യത്തെ ജനങ്ങളും സ്ഥാപനങ്ങളും സജ്ജരാകണമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ദേശീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ഖത്തർ ഷൂറാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് അമീർ ഇക്കാര്യം വ്യക്തമാക്കിയത്.

യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ ഖത്തറിന്റെ സാമ്പത്തിക രംഗത്തും പ്രകടമായതായി അമീർ ചൂണ്ടിക്കാട്ടി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ദേശീയ വരുമാനത്തിൽ 42 ശതമാനം ഇടിവുണ്ടായപ്പോൾ ചെലവുകൾ 14 ശതമാനം കുറയ്ക്കേണ്ടിവന്നു. യുദ്ധത്തിന് മുമ്പുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് തിരിച്ചെത്തുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥ 2.9 ശതമാനം വളർച്ച കൈവരിച്ചതായും അമീർ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ സുരക്ഷയും ആഗോള ഊർജവിതരണത്തിന്റെ സ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര ചർച്ചകൾക്ക് അവസരമൊരുക്കാനും ഖത്തർ ശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള പ്രകൃതിവാതക വിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഖത്തറിനെ ബാധിക്കുന്ന തടസ്സങ്ങൾ അന്താരാഷ്ട്ര വിപണിയിലും പ്രതിഫലിക്കുമെന്ന് അമീർ മുന്നറിയിപ്പ് നൽകി. പ്രതിസന്ധി ഘട്ടത്തിൽ സായുധ സേനയും സർക്കാർ സ്ഥാപനങ്ങളും നിർവഹിച്ച പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അതേസമയം, സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വികസന പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഖത്തർ. നോർത്ത് ഫീൽഡ് ഗ്യാസ് വികസന പദ്ധതിയും അമേരിക്കയുമായി സഹകരിച്ചുള്ള ഊർജപദ്ധതികളും തുടരും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22,100 കോടി റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കാനും രാജ്യം ലക്ഷ്യമിടുന്നുണ്ട്.