ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി; പഞ്ചസാരയുടെ അളവ് അനുസരിച്ച് ഇനി നികുതി

മുൻപ് പാനീയത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതിയോടെ ഉൽപ്പന്നത്തിലെ മധുരത്തിന്റെ അളവാണ് നികുതി നിരക്ക് നിർണയിക്കുന്ന പ്രധാന മാനദണ്ഡമാകുന്നത്

ഖത്തറിൽ മധുരപാനീയങ്ങൾക്ക് പുതിയ എക്സൈസ് നികുതി; പഞ്ചസാരയുടെ അളവ് അനുസരിച്ച് ഇനി നികുതി

ദോഹ: പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും അമിത പഞ്ചസാര ഉപയോഗം നിയന്ത്രിക്കുകയും ലക്ഷ്യമിട്ട് ഖത്തർ മധുരപാനീയങ്ങൾക്കുള്ള എക്സൈസ് നികുതി സംവിധാനം പരിഷ്കരിച്ചു. ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, പാനീയത്തിലെ പഞ്ചസാരയുടെയോ മധുരത്തിന്റെ അളവിന്റെയോ അടിസ്ഥാനത്തിലായിരിക്കും ഇനി എക്സൈസ് നികുതി ഈടാക്കുക. ഖത്തർ ജനറൽ ടാക്സ് അതോറിറ്റിയാണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്.

മുൻപ് പാനീയത്തിന്റെ അളവിനെ അടിസ്ഥാനമാക്കിയായിരുന്നു നികുതി നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ ഭേദഗതിയോടെ ഉൽപ്പന്നത്തിലെ മധുരത്തിന്റെ അളവാണ് നികുതി നിരക്ക് നിർണയിക്കുന്ന പ്രധാന മാനദണ്ഡമാകുന്നത്. 2026-ലെ രണ്ടാം നമ്പർ നിയമഭേദഗതിയുടെ ഭാഗമായാണ് ഈ മാറ്റം നടപ്പാക്കിയത്.

പഞ്ചസാര ചേർത്ത സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, കോൺസെൻട്രേറ്റുകൾ, പൗഡറുകൾ, എക്സ്ട്രാക്റ്റുകൾ, വെള്ളം ചേർത്ത് ഉപയോഗിക്കാവുന്ന മധുരപാനീയ ഉൽപ്പന്നങ്ങൾ എന്നിവ പുതിയ നികുതി പരിധിയിൽ ഉൾപ്പെടും. പാക്കറ്റുകളിലോ കുപ്പികളിലോ വിപണിയിലെത്തുന്ന ഉൽപ്പന്നങ്ങൾക്കാണ് ഈ ചട്ടം ബാധകമാകുക.

മധുരപാനീയങ്ങളുടെ സ്റ്റോക്ക് കൈവശമുള്ള എല്ലാ സ്ഥാപനങ്ങളും 'ധരീബ' (Dhareeba) പ്ലാറ്റ്ഫോം വഴി സ്റ്റോക്ക് വിവരങ്ങൾ സമർപ്പിക്കണമെന്ന് അധികൃതർ നിർദേശിച്ചു. 2 ലക്ഷം ലിറ്ററിൽ താഴെ സ്റ്റോക്കുള്ള സ്ഥാപനങ്ങൾ വിവരങ്ങൾ രജിസ്റ്റർ ചെയ്താൽ മതിയാകും; അധിക എക്സൈസ് നികുതി ബാധകമാകില്ല. എന്നാൽ 2 ലക്ഷം ലിറ്ററോ അതിൽ കൂടുതലോ സ്റ്റോക്കുള്ള സ്ഥാപനങ്ങൾ ഓഡിറ്റ് ചെയ്ത സ്റ്റോക്ക് റിപ്പോർട്ടും നികുതി റിട്ടേണും സമർപ്പിച്ച് ബാധകമായ നികുതി അടയ്ക്കണം.

അതേസമയം, വലിയ തോതിൽ സ്റ്റോക്ക് ഉണ്ടായാലും പാനീയത്തിലെ പഞ്ചസാരയുടെ അളവ് നിശ്ചിത പരിധിക്ക് താഴെയാണെങ്കിൽ എക്സൈസ് നികുതി നൽകേണ്ടതില്ല. ഇടത്തരം അല്ലെങ്കിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങൾക്കാണ് പുതിയ നികുതി ബാധകമാകുക.

ജൂലൈ 6 മുതൽ 90 ദിവസത്തിനകം എല്ലാ ബന്ധപ്പെട്ട സ്ഥാപനങ്ങളും ധരീബ പ്ലാറ്റ്ഫോം വഴി നികുതി റിട്ടേൺ സമർപ്പിക്കണം. റിട്ടേൺ ഫയൽ ചെയ്തതിന് ശേഷം 30 ദിവസത്തിനുള്ളിൽ ബാധകമായ നികുതി അടയ്ക്കണമെന്നും ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിനും ആരോഗ്യകരമായ പാനീയങ്ങളുടെ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ നികുതി സംവിധാനം ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.