സൗദിയിൽ നിയമനടപടി ശക്തം; ഒരാഴ്ചയ്ക്കിടെ 14,970 നിയമലംഘകർ പിടിയിൽ, 13,251 പേർ നാടുകടത്തപ്പെട്ടു
ജൂലൈ 16 മുതൽ 22 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് 14,970 പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ 7,437 പേർ താമസാനുമതി (ഇഖാമ) നിയമങ്ങൾ ലംഘിച്ചവരും, 3,542 പേർ തൊഴിൽ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണ്
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സുരക്ഷാ വിഭാഗങ്ങളുടെ പരിശോധന ശക്തമായി തുടരുന്നു. ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ 13,251 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂലൈ 16 മുതൽ 22 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ സംയുക്ത പരിശോധനകളിലാണ് 14,970 പേരെ അറസ്റ്റ് ചെയ്തത്. ഇതിൽ 7,437 പേർ താമസാനുമതി (ഇഖാമ) നിയമങ്ങൾ ലംഘിച്ചവരും, 3,542 പേർ തൊഴിൽ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരുമാണ്.
അനധികൃതമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച 1,626 പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ ഭൂരിഭാഗവും ഇത്യോപ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിർത്തി വഴി നിയമവിരുദ്ധമായി പുറത്തുകടക്കാൻ ശ്രമിച്ച 33 പേരും പിടിയിലായിട്ടുണ്ട്.
നിയമലംഘകർക്ക് സഹായം നൽകിയവർക്കെതിരെയും നടപടി സ്വീകരിച്ചു. അനധികൃത താമസക്കാർക്ക് യാത്രാസൗകര്യവും താമസവും ഒരുക്കിയ 18 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.
നിലവിൽ വിവിധ ഘട്ടങ്ങളിലായി 30,500 വിദേശികൾക്കെതിരെയാണ് നിയമനടപടികൾ പുരോഗമിക്കുന്നത്. ഇതിൽ 1,989 പേർ വനിതകളാണ്. നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതിനായി 17,700 പേരുടെ യാത്രാ രേഖകൾ ശരിയാക്കാൻ എംബസികളുമായി ബന്ധപ്പെടുകയും 6,113 പേർക്ക് യാത്രാ ടിക്കറ്റ് ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നിയമലംഘകർക്കെതിരെ കർശന നിലപാട് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനധികൃതമായി ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നവർക്കും നിയമലംഘകർക്ക് അഭയം നൽകുന്നവർക്കും കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാമെന്നും കുറ്റകൃത്യങ്ങളിൽ ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും അറിയിച്ചു.
നിയമലംഘനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Comments ()