വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകർക്ക് ഖത്തറിൽ സ്ഥിരവിലക്ക്
ലൈസൻസ് നേടുന്നതിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകരെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം കണ്ടെത്തി.
ദോഹ: ഖത്തറിൽ ലൈസൻസിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ 27 ആരോഗ്യപ്രവർത്തകർക്ക് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരവിലക്കേർപ്പെടുത്തി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. രാജ്യത്തെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിൽ നിന്ന് ഇവരെ പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
അപേക്ഷകളുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ മന്ത്രാലയത്തിന്റെ നിലവിലെ പരിശോധനാ സംവിധാനങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് ഹെൽത്ത് കെയർ പ്രൊഫഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഡോ. സഅദ് അൽ കഅബി വ്യക്തമാക്കി. വിദേശത്തു നിന്നടക്കം എത്തുന്ന ആരോഗ്യപ്രവർത്തകരുടെ വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവും അന്താരാഷ്ട്ര വിദഗ്ദ്ധ ഏജൻസികളുമായി സഹകരിച്ച് കർശനമായി പരിശോധിച്ച് ഉറപ്പുവരുത്താറുണ്ട്. സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ വൈദ്യസഹായം ഉറപ്പാക്കാൻ യോഗ്യരായ വിദഗ്ദ്ധരെ മാത്രമേ രാജ്യത്ത് സേവനാനുമതി നൽകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments ()