ലോകത്തെ മികച്ച വിനോദസഞ്ചാര രാജ്യങ്ങളിൽ ഖത്തറും; പട്ടികയിൽ 19-ാം റാങ്ക്

ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കിയ രാജ്യവും ഖത്തറാണ്. ഗ്രീസ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഫ്രാൻസിന് പിന്നാലെയാണ് ഖത്തറിന്റെ സ്ഥാനം. കാനഡ 20-ാം സ്ഥാനത്താണ്

ലോകത്തെ മികച്ച വിനോദസഞ്ചാര രാജ്യങ്ങളിൽ ഖത്തറും; പട്ടികയിൽ 19-ാം റാങ്ക്

ദോഹ: ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിന്റെ വളർച്ചയ്ക്ക് അന്താരാഷ്ട്ര അംഗീകാരം. പ്രമുഖ ട്രാവൽ മാസികയായ കോൺഡേ നാസ്റ്റ് ട്രാവലറിന്റെ 2026-ലെ റീഡേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ 19-ാം സ്ഥാനം നേടി. ഗൾഫ് മേഖലയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്ക് സ്വന്തമാക്കിയ രാജ്യവും ഖത്തറാണ്. ഗ്രീസ് ഒന്നാം സ്ഥാനത്തെത്തിയ പട്ടികയിൽ ഫ്രാൻസിന് പിന്നാലെയാണ് ഖത്തറിന്റെ സ്ഥാനം. കാനഡ 20-ാം സ്ഥാനത്താണ്.

ലോകമെമ്പാടുമുള്ള എട്ട് ലക്ഷത്തോളം വായനക്കാർ പങ്കെടുത്ത വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് റാങ്കിങ് തയ്യാറാക്കിയത്. യാത്രാ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, നഗരങ്ങൾ, വിമാനക്കമ്പനികൾ എന്നിവയെക്കുറിച്ചുള്ള വായനക്കാരുടെ വിലയിരുത്തലുകളാണ് അവാർഡിൽ പരിഗണിച്ചത്. ആധുനിക നഗരവികസനവും പാരമ്പര്യ സംസ്കാരവും ഒരുമിച്ച് അനുഭവിക്കാനാകുന്ന രാജ്യമാണ് ഖത്തറെന്ന് മാസിക വിലയിരുത്തി. ദോഹയിലെ ആഡംബര ഹോട്ടലുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും രാജ്യത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങൾക്ക് കരുത്തേകുന്നു.

2022-ലെ ഫിഫ ലോകകപ്പിന് പിന്നാലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ഖത്തർ സ്വീകരിച്ച നടപടികൾ ഈ വളർച്ചയ്ക്ക് സഹായകമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2024-ൽ 50 ലക്ഷത്തിലധികം സഞ്ചാരികൾ രാജ്യം സന്ദർശിച്ചു; മുൻവർഷത്തെ അപേക്ഷിച്ച് ഇത് 25 ശതമാനം വർധനവാണ്. 2025-ലും സന്ദർശകരുടെ എണ്ണത്തിൽ 3.7 ശതമാനം വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയ്ക്ക് ഖത്തർ നൽകുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

പട്ടികയിൽ 98.14 സ്കോറോടെ ഗ്രീസ് ഒന്നാമതെത്തിയപ്പോൾ ജപ്പാൻ രണ്ടാം സ്ഥാനവും ഇറ്റലി മൂന്നാം സ്ഥാനവും നേടി. തുർക്കിയും പോർച്ചുഗലും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. തായ്‌ലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളും ആദ്യ 20 പട്ടികയിലുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധ ഖത്തറിലേക്ക് ആകർഷിക്കുന്നതിൽ രാജ്യത്തിന്റെ ടൂറിസം നയങ്ങളും അടിസ്ഥാനസൗകര്യ വികസനവും നിർണായക പങ്കുവഹിക്കുന്നുവെന്നാണ് ഈ നേട്ടം സൂചിപ്പിക്കുന്നത്.