രാജി വിവാദത്തിൽ വിശദീകരണവുമായി ആർ. ശ്രീലേഖ; ഞായറാഴ്ച വരെ കാത്തിരിക്കണമെന്ന് കുറിപ്പ്
ഒക്ടോബർ മൂന്നിനാണ് കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് ശ്രീലേഖ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. ഇതോടെ വിഷയം വലിയ ചർച്ചയാകുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ രാജി വിവാദത്തിൽ പ്രതികരണവുമായി ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനുണ്ടെന്ന് ശ്രീലേഖ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഒക്ടോബർ 11 ഞായറാഴ്ച വരെ കാത്തിരിക്കണമെന്നും അതിന് ശേഷം തനിക്ക് പറയാനുള്ള കാര്യങ്ങൾ കൂടി കേൾക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഒക്ടോബർ മൂന്നിനാണ് കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി സൂചിപ്പിക്കുന്ന കുറിപ്പ് ശ്രീലേഖ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. ഇതോടെ വിഷയം വലിയ ചർച്ചയാകുകയായിരുന്നു. പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് ശ്രീലേഖയുമായി ചർച്ച നടത്തുകയും രാജി തീരുമാനം പുനഃപരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് നേരത്തെ പങ്കുവെച്ച രാജിക്കുറിപ്പ് അവർ നീക്കം ചെയ്യുകയും ചെയ്തു.
കോർപ്പറേഷനിലെ മേയർ സ്ഥാനവുമായി ബന്ധപ്പെട്ടുള്ള അതൃപ്തിയാണ് ശ്രീലേഖയും ബിജെപി നേതൃത്വവും തമ്മിലുള്ള ഭിന്നതയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ രാജി വിവാദത്തിൽ തന്റെ ഭാഗം വിശദീകരിക്കാനാണ് ശ്രീലേഖ ഒരുങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്.
Comments ()