റാഗിങ്: മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; 6 മലയാളി സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

പ്രതികളായ ആറ് വിദ്യാര്‍ത്ഥികളും മലയാളികളാണ്.

റാഗിങ്: മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം; 6 മലയാളി സീനിയർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. ശ്രീനിവാസ കോളേജിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നീ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികളായ ആറ് വിദ്യാര്‍ത്ഥികളും മലയാളികളാണ്.

കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആദര്‍ശും ജസിന്‍ ഖാദറും പൊലീസിനോട് വെളിപ്പെടുത്തി. ഇന്നലെ ചായ കുടിക്കാന്‍ കോളേജിന് സമീപത്തെ കടയിലെത്തിയപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ തടയുകയും കറുത്ത ഷൂസ് ധരിച്ചതിന് തട്ടിക്കേറുകയും ചെയ്തു.

തങ്ങളെയും മാതാപിതാക്കളെയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അസഭ്യം പറഞ്ഞതായി ആദര്‍ശും ജസിനും പറഞ്ഞു. പിന്നാലെ ആദര്‍ശിന്റെ തല കൈ കൊണ്ട് പിടിച്ച് തിരിച്ചു. ഇതോടെ ഭയന്ന ജസിന്‍ സമീപത്തെ കടയിലെത്തി പൊലീസ് സ്റ്റേഷന്റെ നമ്പര്‍ തരപ്പെടുത്തി വിളിക്കുകയായിരുന്നു. പൊലീസെത്തിയാണ് ഇവരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിക്കേറ്റ ആദര്‍ശിന്റെ കഴുത്തില്‍ കോളര്‍ ഇട്ടിട്ടുണ്ട്. ജസിനും അടിയേറ്റ പരിക്കുകളുണ്ട്. ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ പൊലീസ് പരാതി എഴുതി വാങ്ങി. പ്രതികളായ ആറ് മലയാളികളെയും അറസ്റ്റ് ചെയ്തു.