ഭക്ഷണവിലയിൽ റെയിൽവേയുടെ 'വിലക്കയറ്റം'; 5 മുതൽ 15 രൂപ വരെ വർധന
രണ്ട് ഇഡ്ഡലി ചട്ണിയോ സാമ്പാറോ ഉൾപ്പെടെ ഇനി 25 രൂപ നൽകണം. രണ്ട് ഉഴുന്നുവട, രണ്ട് പരിപ്പുവട, രണ്ട് ഉരുളക്കിഴങ്ങ് ബോണ്ട, രണ്ട് സമോസ എന്നിവയ്ക്കും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപയാണ് പുതിയ നിരക്ക്
തിരുവനന്തപുരം: ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങുന്നവർക്ക് ഇനി കൂടുതൽ തുക നൽകണം. റെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ വിൽക്കുന്ന വിവിധ ഭക്ഷണ സാധനങ്ങളുടെ നിരക്ക് വർധിപ്പിച്ചു. പുതുക്കിയ വില ഇന്നലെ മുതൽ നിലവിൽ വന്നു. ഇനം അനുസരിച്ച് 5 മുതൽ 15 രൂപ വരെയാണ് വർധന.
രണ്ട് ഇഡ്ഡലി ചട്ണിയോ സാമ്പാറോ ഉൾപ്പെടെ ഇനി 25 രൂപ നൽകണം. രണ്ട് ഉഴുന്നുവട, രണ്ട് പരിപ്പുവട, രണ്ട് ഉരുളക്കിഴങ്ങ് ബോണ്ട, രണ്ട് സമോസ എന്നിവയ്ക്കും മസാല ദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ് എന്നിവയ്ക്കും 30 രൂപയാണ് പുതിയ നിരക്ക്. വെജ് കട്‌ലറ്റിന്റെ രണ്ട് കഷണത്തിന് 40 രൂപയിൽനിന്ന് 50 രൂപയായി വില ഉയർന്നു. ടൊമാറ്റോ സൂപ്പിന് 30 രൂപയാണ് പുതുക്കിയ നിരക്ക്.
പ്രധാന ഭക്ഷണങ്ങളിലും നിരക്ക് വർധനയുണ്ട്. 95 രൂപയായിരുന്ന മീൻകറി ഊണിന് ഇനി 110 രൂപ നൽകണം. മറ്റ് നിരക്കുകളിൽ ചിക്കൻ കറിക്ക് 95 രൂപ, ചിക്കൻ ഫ്രൈഡ് റൈസിന് 105 രൂപ, എഗ് റൈസിന് 80 രൂപ, വെജ് ഫ്രൈഡ് റൈസിന് 65 രൂപ എന്നിങ്ങനെയാണ് വില. അതേസമയം ചപ്പാത്തി 5 രൂപ, പൊറോട്ട 10 രൂപ, പഴംപൊരി 20 രൂപ എന്നീ നിരക്കുകളിൽ മാറ്റമില്ല.
Comments ()