വരും മണിക്കൂറില്‍ ശക്തമായ മഴ ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

വരും മണിക്കൂറില്‍ ശക്തമായ മഴ ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.

അതേസമയം, അതിശക്തമായ 'അർണബ്' ചുഴലിക്കാറ്റിന്റെ ശേഷിപ്പായി രൂപപ്പെട്ട തീവ്ര ന്യൂനമർദം തെക്കൻ ഛത്തീസ്ഗഢിനും സമീപത്തെ തെക്കൻ ഒഡിഷയ്ക്കും മുകളിലായി തുടരുകയാണ്. ഇത് വടക്കൻ ഛത്തീസ്ഗഢ്, വടക്കുപടിഞ്ഞാറൻ ഒഡിഷ മേഖലകളിലേക്ക് നീങ്ങി ദുർബലപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

കേരളത്തിൽ നവംബർ 1, 2 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. നവംബർ 2ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലിനെ നിസ്സാരമായി കാണരുതെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മേഖലകളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.