മഴ കനക്കാൻ സാധ്യത: വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴ കനക്കാൻ സാധ്യത: വരുന്ന മൂന്ന് ദിവസം വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് താൽക്കാലിക ആശ്വാസമേകി നാളെ മുതൽ മൂന്ന് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.

നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രാബല്യത്തിലുണ്ടാകും. ഞായറാഴ്ച പ്രത്യേകം മഴ മുന്നറിയിപ്പുകളൊന്നുമില്ല.

24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപത്തുള്ള ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. അതേസമയം, ഇന്ന് സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.