ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു.

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദം; സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നുമുതല്‍ വീണ്ടും മഴ ശക്തമാകും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. കഴിഞ്ഞയാഴ്ച്ച കേരളത്തില്‍ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന്(13/08/2026) രാവിലെ 02.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.