സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
നാളെ രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്.
കേരള തീരത്ത് നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. എങ്കിലും ഇന്ന് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം, 'കള്ളക്കടൽ' പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 8.30 മുതൽ നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.9 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ, കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments ()