ചക്രവാതച്ചുഴിയും ന്യൂനമർദ്ദപ്പാത്തിയും; ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദേശം. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും കൂടാൻ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ജാഗ്രത നിർദേശം. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
നാളെയും മറ്റന്നാളും സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ വ്യാഴാഴ്ച മഴ വീണ്ടും ശക്തമാകാൻ സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച വരെയാണ് നിലവിൽ മഴ സാധ്യത തുടരുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിൽ തെക്കൻ കേരള തീരത്തിന് സമീപം ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നതും വടക്കൻ തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നതുമാണ് പ്രധാന കാലാവസ്ഥാ സംവിധാനങ്ങൾ. ഇതിനുപുറമെ മന്നാർ കടലിടുക്കിൽ നിന്ന് മധ്യ മഹാരാഷ്ട്രയിലേക്ക് തമിഴ്നാടും കർണാടകയും വഴി നീളുന്ന ന്യൂനമർദ്ദപ്പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Comments ()