സൗദി അറേബ്യയിൽ ശക്തമായ മഴ: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അടിയന്തര ജാഗ്രതാ നിർദ്ദേശം
ജസാൻ, അസീർ പ്രവിശ്യകളിലാണ് മഴ ഏറ്റവും ശക്തമാകാൻ സാധ്യതയുള്ളത്
സൗദി അറേബ്യയുടെ തെക്ക്, പടിഞ്ഞാറൻ മേഖലകളിൽ സെപ്റ്റംബർ 22 ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്കും ആലിപ്പഴ വർഷത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ജസാൻ, അസീർ പ്രവിശ്യകളിലാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും രൂക്ഷമാകാൻ സാധ്യതയുള്ളത്. ജസാനിലെ അൽ-അരിദ, സബ്യ, അബു അരിഷ്, ഫൈഫ, അൽ-ദർബ്, ഹറൂബ് എന്നിവിടങ്ങളിലും ജസാൻ നഗരത്തിലും ഫറാസാൻ ദ്വീപിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴ പെയ്യും. കൂടാതെ അസീറിലെ അബഹ, ഖമീസ് മുഷൈത്, അഹദ് റാഫിദ, അൽ-നമസ്, തനോമ, ബിഷ, മഹായിൽ എന്നീ പ്രദേശങ്ങളിലും അൽ-ബഹ, ബൽജുരാഷി മേഖലകളിലും വരും ദിവസങ്ങളിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്.
മക്ക മേഖലയിലെ തായിഫ്, മെയ്സാൻ എന്നിവിടങ്ങളിലും തീരദേശ പ്രദേശങ്ങളായ അൽ-ഖുൻഫുദ, അൽ-ലിത് എന്നിവിടങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്ററിലധികം വേഗതയുള്ള ശക്തമായ കാറ്റും വീശിയടിച്ചേക്കാം. രൂപപ്പെടാൻ സാധ്യതയുള്ള വെള്ളക്കെട്ടുകളും മലവെള്ളപ്പാച്ചിലും അപകടങ്ങൾ ഉണ്ടാക്കാതിരിക്കാൻ താഴ്വരകളിൽ ഇറങ്ങരുതെന്നും, സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments ()