യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് മഴ; മൂടല്‍മഞ്ഞിനും താപനില കുറയാനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.

യുഎഇയില്‍ മൂന്ന് ദിവസത്തേക്ക് മഴ; മൂടല്‍മഞ്ഞിനും താപനില കുറയാനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

അബുദാബി: ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ യുഎഇയില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനും ഈ ആഴ്ച അവസാനത്തോടെ താപനില കുറയാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങള്‍ രൂപപ്പെടാനും,
അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടുന്നത് മൂലം തീരദേശ-ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എന്നാല്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൂടാതെ, രാത്രിയിലും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കും. പടിഞ്ഞാറന്‍ തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഉച്ചയ്ക്ക് ശേഷം മഴമേഘങ്ങള്‍ രൂപപ്പെടുന്നതോടെ പലയിടങ്ങളിലും മഴ ലഭിച്ചേക്കും.

ബുധനാഴ്ച ചൊവ്വാഴ്ചയ്ക്ക് സമാനമായ കാലാവസ്ഥ തുടരും. കിഴക്കന്‍ മേഖലകളില്‍ മഴമേഘങ്ങള്‍ വീണ്ടും രൂപപ്പെടാന്‍ സാധ്യതയുണ്ട്. എന്നാല്‍ വ്യാഴാഴ്ച രാജ്യത്ത്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ താപനിലയില്‍ കുറവുണ്ടാകും. ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നേക്കാം.

വ്യാഴാഴ്ച അറേബ്യന്‍ ഗള്‍ഫില്‍ ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് പടിഞ്ഞാറന്‍ ജലമേഖലകളിലേക്ക് പോകുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതും, ചില പ്രദേശങ്ങളില്‍ അതിന്റെ വേഗത മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ ഉയരാനിടയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.