ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ശനിയാഴ്ച വരെ ജാഗ്രത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. ഇരട്ട ചക്രവാതച്ചുഴികളുടെയും ന്യൂനമർദ്ദപ്പാത്തിയുടെയും സ്വാധീനത്തിൽ ഇന്നുമുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ അറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിർദേശം നിലവിലുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
തെക്കൻ കേരള തീരത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിലാണ് ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. വടക്കൻ തമിഴ്നാടിന് മുകളിലും സമാന ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയുണ്ട്.
ഇതിന് പുറമെ മന്നാർ കടലിടുക്കിൽ നിന്ന് തമിഴ്നാട്, കർണാടക മേഖലകളിലൂടെ മധ്യ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദപ്പാത്തിയും അന്തരീക്ഷത്തിൽ സജീവമാണ്. സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിലാണ് ന്യൂനമർദ്ദപ്പാത്തിയുടെ സ്ഥാനം. ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സംയുക്ത സ്വാധീനമാണ് സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ കാരണമാകുന്നതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.
Comments ()