കേരളത്തിൽ മഴയും ശക്തമായ കാറ്റും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

മഴ ശക്തമല്ലെങ്കിലും ചിലയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്ത് താപനില സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

കേരളത്തിൽ മഴയും ശക്തമായ കാറ്റും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

മഴ ശക്തമല്ലെങ്കിലും ചിലയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽസമയത്ത് താപനില സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ട്.

വടക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദമാണ് നിലവിലെ കാലാവസ്ഥയെ സ്വാധീനിക്കുന്നത്. തെക്കൻ ബംഗ്ലാദേശിന് സമീപം രൂപംകൊണ്ട ചക്രവാതച്ചുഴി ശക്തിപ്രാപിച്ചാണ് വടക്കൻ ഒഡീഷ–പശ്ചിമ ബംഗാൾ തീരത്തോട് ചേർന്ന ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി മാറിയത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിന്റെ സ്വാധീനത്തിൽ ജൂലൈ 19 വരെ കേരളത്തിൽ വ്യാപകമല്ലാത്ത മഴ തുടരുമെന്ന് പ്രവചനമുണ്ട്. ഇതിനിടെ സമുദ്ര മേഖലയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യ, വടക്കൻ അറബിക്കടൽ, സോമാലിയ–ഒമാൻ തീരങ്ങൾ, തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന ബംഗാൾ ഉൾക്കടൽ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി തീരപ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില ഘട്ടങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.