കേരളത്തിൽ മഴ കുറയുന്നു; ഇന്നും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്നലെ റെഡ് അലർട്ട് നിലനിന്നിരുന്ന കണ്ണൂരിലും കാസർകോടിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ് പ്രധാനമായും തീവ്രമഴ അനുഭവപ്പെട്ടത്. 24 മണിക്കൂറിൽ 15.6 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ നേരിയ മഴയായും 15.6 മുതൽ 64.4 മില്ലിമീറ്റർ വരെ ലഭിക്കുന്നതിനെ മിതമായ മഴയായുമാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്
തിരുവനന്തപുരം: ഒരാഴ്ചയായി മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞുതുടങ്ങിയതായി കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലെ ചില മേഖലകളിലാണ് ശക്തമായ മഴ രേഖപ്പെടുത്തിയത്. മറ്റ് ജില്ലകളിൽ പൊതുവെ നേരിയതും മിതമായതുമായ മഴയാണ് ലഭിച്ചത്.
ഇന്നലെ റെഡ് അലർട്ട് നിലനിന്നിരുന്ന കണ്ണൂരിലും കാസർകോടിന്റെ ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ് പ്രധാനമായും തീവ്രമഴ അനുഭവപ്പെട്ടത്. 24 മണിക്കൂറിൽ 15.6 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയെ നേരിയ മഴയായും 15.6 മുതൽ 64.4 മില്ലിമീറ്റർ വരെ ലഭിക്കുന്നതിനെ മിതമായ മഴയായുമാണ് കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
അതേസമയം, ഇന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
നാളെ മുതൽ മഴയുടെ തീവ്രത കൂടുതൽ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Comments ()