ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 97, പ്രളയവും മണ്ണിടിച്ചിലും വ്യാപകം

ഉത്തരാഖണ്ഡിലും സ്ഥിതി അതീവ ഗുരുതരമാണ്. അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ നദീതീര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അസമിൽ മരണസംഖ്യ 97, പ്രളയവും മണ്ണിടിച്ചിലും വ്യാപകം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശനഷ്ടമാണ് സൃഷ്ടിക്കുന്നത്. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞതോടെ പത്തുലക്ഷത്തിലധികം പേർ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങളിലുമായി കഴിയുകയാണ്.

ഉത്തരാഖണ്ഡിലും സ്ഥിതി അതീവ ഗുരുതരമാണ്. അളകനന്ദ, മന്ദാകിനി നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലെത്തിയതോടെ നദീതീര പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. രുദ്രപ്രയാഗ് മേഖലയിലെ ശക്തമായ മണ്ണിടിച്ചിൽ കേദാർനാഥ് ദേശീയപാതയിലെ ഗതാഗതത്തെ ബാധിച്ചതോടെ തീർഥാടന യാത്രയും തടസ്സപ്പെട്ടു. അപകടസാധ്യത കണക്കിലെടുത്ത് ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ദില്ലിയിലും പരിസര പ്രദേശങ്ങളായ നോയിഡ, ഫരീദാബാദ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ദേശീയ തലസ്ഥാനത്ത് റെഡ് അലർട്ട് നിലനിൽക്കുകയാണ്.

വടക്കൻ ദില്ലിയിൽ മഴവെള്ളത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ നടന്നുപോയ മൂന്ന് വിദ്യാർഥികൾ ഓടയിൽ വീണെങ്കിലും നാട്ടുകാരുടെ ഇടപെടലിൽ രക്ഷപ്പെട്ടു. ബിജ്വാസൻ മേഖലയിൽ ഓടയിൽ വീണ് കാണാതായ ഒരാൾക്കായുള്ള തെരച്ചിലും തുടരുകയാണ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാലാവസ്ഥ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ ദുരന്തനിവാരണ സേനയെയും അടിയന്തര നിയന്ത്രണ കേന്ദ്രങ്ങളെയും സജ്ജമാക്കിയതായി അധികൃതർ അറിയിച്ചു.