കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; അഞ്ച് ജില്ലകളിൽ കടലാക്രമണ സാധ്യത

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; അഞ്ച് ജില്ലകളിൽ കടലാക്രമണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. 15.6 മുതൽ 64.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് നിലവിലെ പ്രവചനം.

ഇതേ തുടർന്ന് ഏതെങ്കിലും ജില്ലയിൽ പ്രത്യേക മഴ മുന്നറിയിപ്പുകളോ അലർട്ടുകളോ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ തീരമേഖലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളുടെ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5.30 മുതൽ തിങ്കളാഴ്ച രാത്രി 11.30 വരെയാണ് മുന്നറിയിപ്പ്. ഈ കാലയളവിൽ 0.6 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാനും അതിന്റെ ഫലമായി കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെ അറിയിപ്പ്.

തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും, എറണാകുളം മുനമ്പം FH മുതൽ മറുവക്കാട് വരെയും, തൃശൂർ ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുമുള്ള തീരപ്രദേശങ്ങളിലാണ് പ്രത്യേക ജാഗ്രത ആവശ്യപ്പെട്ടിരിക്കുന്നത്.

കടലാക്രമണ സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികളും തീരദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.