ഓണത്തിന് മഴയെത്തും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റിനും സാധ്യത
ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിരുവനന്തപുരം: ഓണാഘോഷ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 25 വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ചില ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ജാഗ്രത നിർദേശം തുടരും.
അടുത്ത 24 മണിക്കൂറിനിടെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴ ശക്തമാകാൻ കാലാവസ്ഥാ സാഹചര്യം
വടക്കുകിഴക്കൻ മധ്യപ്രദേശിനും സമീപപ്രദേശങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ന്യൂനമർദവും ബംഗാൾ ഉൾക്കടലിലെ വിവിധ ഭാഗങ്ങളിലുള്ള ചക്രവാതച്ചുഴികളുമാണ് കേരളത്തിൽ മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്.
വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരത്തിന് സമീപം മധ്യപടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.
ഈ കാലാവസ്ഥാ സംവിധാനങ്ങളുടെ സ്വാധീനത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
Comments ()