കേരളത്തിൽ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ രൂപപ്പെടാനും കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരമേഖലകളിലാണ് നാളെ കടലാക്രമണ സാധ്യത പ്രവചിച്ചിരിക്കുന്നത്. രാവിലെ 8.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കന്യാകുമാരി തീരത്തും സമാന മുന്നറിയിപ്പ് നിലവിലുണ്ട്. ഇവിടെ നാളെ പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് അറിയിപ്പ്.
മത്സ്യബന്ധനത്തിന് വിലക്ക്
മോശം കാലാവസ്ഥയും ശക്തമായ കാറ്റും കണക്കിലെടുത്ത് കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.
തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
Comments ()