ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ ശക്തമാകും, യെല്ലോ അലർട്ട്

നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാപ്രദേശ് തീരത്തിനും സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി സെപ്റ്റംബർ 11ഓടെ മധ്യപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരപ്രദേശങ്ങൾക്ക് സമീപവും ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; കേരളത്തിൽ മഴ ശക്തമാകും, യെല്ലോ അലർട്ട്

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന ചൂടിന് താൽക്കാലിക ആശ്വാസമായി കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

നിലവിൽ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ആന്ധ്രാപ്രദേശ് തീരത്തിനും സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി സെപ്റ്റംബർ 11ഓടെ മധ്യപടിഞ്ഞാറൻ-വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരപ്രദേശങ്ങൾക്ക് സമീപവും ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത.

ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ട് തുടരും.

മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.