സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലായിടത്തും ജാഗ്രത

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലായിടത്തും ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച ഏഴ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിലുള്ള ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലുള്ള മറ്റൊരു ചക്രവാതച്ചുഴിയും മഴയുടെ ശക്തി വർധിപ്പിക്കാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്നാണ് പ്രവചനം. കേരള–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റ് വീശാനും മോശം കാലാവസ്ഥ അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിനിടെ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നും അതിനാൽ താഴ്ന്ന പ്രദേശങ്ങൾ, മലയോര മേഖലകൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.