അടിയന്തര മുന്നറിയിപ്പ്: എൽ നിനോ പ്രതിഭാസം ശക്തമാകുന്നു; യുഎഇയിൽ അപ്രതീക്ഷിത മഴയ്ക്ക് സാധ്യത
ശൈത്യകാലത്തും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ.
യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസമേകി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ പ്രവചിച്ചു. സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച മുതൽ സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത അളവിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കാറ്റും പൊടിക്കാറ്റും കാരണം കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ടെങ്കിലും, തുടർന്നെത്തുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് താപനിലയിൽ ആശ്വാസകരമായ കുറവു വരുത്തും. കൂടാതെ, വരുന്ന ശൈത്യകാലത്ത് എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും ഈ സ്ഥിതി 2026 അവസാനം വരെ തുടർന്നേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
സെപ്റ്റംബർ മൂന്ന് വ്യാഴാഴ്ച രാവിലെ തീരദേശ, ആഭ്യന്തര മേഖലകളിൽ ഈർപ്പമുള്ള അന്തരീക്ഷവും മഞ്ഞിനും സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെട്ടേക്കാം. മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 55 കി.മീ വരെ വേഗത കൈവരിച്ചേക്കാം. അന്ന് തീരദേശങ്ങളിൽ ഉയർന്ന താപനില 38°C - 42°C, ഉൾനാടുകളിൽ 42°C - 46°C, മലയോരങ്ങളിൽ 29°C - 37°C എന്നിങ്ങനെയായിരിക്കും. പടിഞ്ഞാറൻ മേഖലകളിലും ഒമാൻ ഉൾക്കടലിലും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. എന്നാൽ സെപ്റ്റംബർ നാല് വെള്ളിയാഴ്ച അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ ശാന്തമായിരിക്കും. അന്നേദിവസം രാവിലെ തീരദേശങ്ങളിൽ മഞ്ഞുരൂപപ്പെടാനും ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. താപനില മാറ്റമില്ലാതെ തുടരുമ്പോൾ കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കി.മീ വരെ എത്തിയേക്കാം.
സെപ്റ്റംബർ അഞ്ച് ശനിയാഴ്ച തീരദേശങ്ങളിലും ഉൾനാടുകളിലും രാവിലെ മഞ്ഞുണ്ടാകുമെങ്കിലും പൊതുവേ താപനില ഉയരും. തീരദേശങ്ങളിൽ ഉയർന്ന താപനില 40°C - 43°C, ഉൾനാടുകളിൽ 43°C - 48°C, മലയോരങ്ങളിൽ 31°C - 38°C വരെയും ഉയർന്നേക്കാം. തുടർന്ന് വരുന്ന സെപ്റ്റംബർ ആറ് ഞായറാഴ്ചയും സെപ്റ്റംബർ ഏഴ് തിങ്കളാഴ്ചയും സമാനമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാവിലെ സമയങ്ങളിൽ തീരദേശ-ഉൾനാടൻ മേഖലകളിൽ ഈർപ്പവും മഞ്ഞുമുണ്ടാകുകയും, ഉച്ചയോടെ കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷവും മഴസാധ്യതയും പ്രവചിക്കുകയും ചെയ്യുന്നു. ഈ ദിവസങ്ങളിൽ ഉൾനാടുകളിൽ ഉയർന്ന താപനില 48°C വരെയും തീരദേശങ്ങളിൽ 44°C വരെയും ഉയർന്നേക്കാം. മണിക്കൂറിൽ 35 കി.മീ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെങ്കിലും ഇരു ദിവസങ്ങളിലും കടൽ പൊതുവേ ശാന്തമായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Comments ()