‘അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിക്കാം’;അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്തേവാലെ

കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായ ആർപിഐ (എ)യെ ശക്തിപ്പെടുത്താൻ ദിപ്കെയെപ്പോലുള്ള യുവ നേതാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചുറുചുറുക്കുള്ള യുവ നേതാവായ ദിപ്കെ ആർപിഐയിൽ ചേർന്നാൽ സമൂഹത്തിനും പാർട്ടിക്കും കൂടുതൽ കരുത്തേകുമെന്നും അത്തേവാലെ അഭിപ്രായപ്പെട്ടു

‘അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരുമിക്കാം’;അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് രാംദാസ് അത്തേവാലെ

ദില്ലി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ എൻഡിഎ സഖ്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ഡോ. ബി.ആർ. അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ദിപ്കെ തന്റെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേരണമെന്ന് അത്തേവാലെ ആവശ്യപ്പെട്ടു.

കേന്ദ്രത്തിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായ ആർപിഐ (എ)യെ ശക്തിപ്പെടുത്താൻ ദിപ്കെയെപ്പോലുള്ള യുവ നേതാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ചുറുചുറുക്കുള്ള യുവ നേതാവായ ദിപ്കെ ആർപിഐയിൽ ചേർന്നാൽ സമൂഹത്തിനും പാർട്ടിക്കും കൂടുതൽ കരുത്തേകുമെന്നും അത്തേവാലെ അഭിപ്രായപ്പെട്ടു.

തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്ന സർക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങളും പരോക്ഷമായി പരാമർശിച്ചായിരുന്നു അത്തേവാലെയുടെ പ്രതികരണം.

അതേസമയം, മന്ത്രിയുടെ ക്ഷണത്തോട് അഭിജീത് ദിപ്കെ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമില്ലെന്നും സിജെപിയെ ജനകീയ പ്രസ്ഥാനമായി വളർത്താനാണ് ലക്ഷ്യമെന്നും ദിപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ പാർട്ടികളിലും തെരഞ്ഞെടുപ്പ് സംവിധാനത്തിലും ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുകയാണെന്നും അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടികളെ പിളർത്തുന്നതും വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതുമായ സാഹചര്യത്തിൽ പുതിയൊരു പാർട്ടി രൂപീകരിച്ചതുകൊണ്ട് മാത്രം മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്തിന് ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ശക്തമായ ജനകീയ പ്രസ്ഥാനമാണെന്നാണ് ദിപ്കെയുടെ നിലപാട്.