വിദേശയാത്രയ്ക്ക് വഴിയൊരുങ്ങി; വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

കേസുകളുടെ നിലവിലെ സ്ഥിതിയും കോടതി രേഖകളും പരിശോധിച്ച ശേഷം പ്രത്യേക പിസിസി അനുവദിക്കണമെന്ന് റീജനൽ പാസ്‌പോർട്ട് ഓഫീസർക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഉത്തരവ്

വിദേശയാത്രയ്ക്ക് വഴിയൊരുങ്ങി; വേടന് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവ്

കൊച്ചി: സംഗീത പരിപാടികൾക്കായി യുകെയിലും അയർലൻഡിലും പോകാനൊരുങ്ങുന്ന റാപ്പർ ഹിരൺ ദാസ് മുരളി (വേടൻ)ക്ക് പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദേശം. കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പിസിസി ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് വേടൻ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

കേസുകളുടെ നിലവിലെ സ്ഥിതിയും കോടതി രേഖകളും പരിശോധിച്ച ശേഷം പ്രത്യേക പിസിസി അനുവദിക്കണമെന്ന് റീജനൽ പാസ്‌പോർട്ട് ഓഫീസർക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഉത്തരവ്. പൊലീസ് വെരിഫിക്കേഷനിൽ കേസുകളിൽ പ്രതിയാണെന്ന കാരണത്താൽ പ്രതികൂല റിപ്പോർട്ട് ലഭിച്ചിരുന്നുവെന്നും സാധാരണ പിസിസിക്ക് പകരം പ്രത്യേക പിസിസി നൽകാനാണ് സാധിക്കുകയെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

ക്രിമിനൽ കേസ് നിലനിൽക്കുന്ന വ്യക്തിക്ക് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെ വിദേശയാത്ര നടത്താനാകുമെന്ന മുൻ കോടതി ഉത്തരവും ഹൈക്കോടതി പരിഗണിച്ചു. ക്രിമിനൽ കേസിൽ പ്രതിയാണെന്ന കാരണത്താൽ മാത്രം വിദേശത്തേക്ക് പോകാനുള്ള അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാൽ ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന കോടതിയുടെ അനുമതി നേടിയ ശേഷമേ വേടന് രാജ്യം വിടാൻ പാടുള്ളൂവെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും വേടൻ പ്രതിയാണ്.