റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഖത്തർ ഊർജ സഹമന്ത്രി

സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികൾക്കായി അദ്ദേഹം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. സന്ദർശനത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു

റാസ് ലഫാൻ സ്ഫോടനം: പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഖത്തർ ഊർജ സഹമന്ത്രി

ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരെ ഖത്തർ എനർജി സി.ഇ.ഒയും ഊർജ സഹമന്ത്രിയുമായ സഅദ് ഷരീദ അൽ കാബി ആശുപത്രിയിലെത്തി സന്ദർശിച്ചു. രണ്ട് ആശുപത്രികളിലായി ഇന്ത്യക്കാരുൾപ്പെടെ 66 പേർ ചികിത്സയിൽ തുടരുകയാണെന്നും ആരുടെയും നില അതീവ ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ട തൊഴിലാളികൾക്കായി അദ്ദേഹം ഖത്തറിലെ ഇന്ത്യൻ അംബാസഡറെ നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. സന്ദർശനത്തിന് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

സംഭവത്തിൽ കേരള സ്വദേശിയടക്കം ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും മരിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശിയായ 29 വയസ്സുള്ള അർജുനാണ് മരിച്ച മലയാളി. പ്ലാന്റ് സൂപ്പർവൈസറായിരുന്ന അർജുന്റെ മരണവിവരം കമ്പനി കുടുംബത്തെ അറിയിച്ചു.

ഖത്തർ എനർജി സ്ഥിരീകരിച്ചതനുസരിച്ച് അപകടത്തിൽ 13 പേർ മരിക്കുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പരിക്കേറ്റവരിൽ ഉൾപ്പെട്ടിരിക്കുന്നത്.

പരിക്കേറ്റ എല്ലാവർക്കും ആവശ്യമായ മികച്ച ചികിത്സ ലഭ്യമാക്കുന്നുണ്ടെന്നും നില തൃപ്തികരമാണെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.