ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ? ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

തുടർച്ചയായി രണ്ട് വർഷം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകുമെങ്കിലും അതിലെ പണം നഷ്ടപ്പെടില്ല. കെവൈസി രേഖകൾ നൽകി ഇത്തരം അക്കൗണ്ടുകൾ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ സാധിക്കും.

ഉപയോഗിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടോ? ഉടന്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലരും പഴയ ബാങ്ക് അക്കൗണ്ടുകളുടെ കാര്യം മറന്നുപോകാറുണ്ട്. ജോലി മാറുമ്പോഴോ പുതിയ ബിസിനസ് തുടങ്ങുമ്പോഴോ ഒക്കെ പുതിയ അക്കൗണ്ടുകൾ ആരംഭിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, വർഷങ്ങളായി യാതൊരു ഇടപാടുകളും നടത്താത്ത അക്കൗണ്ടുകൾ നിങ്ങൾക്കുണ്ടെങ്കിൽ അവയുടെ നിലവിലെ അവസ്ഥ പരിശോധിക്കുന്നത് ന നന്നായിരിക്കും. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്താനും ഉപഭോക്താക്കളുടെ പണത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമായി, രണ്ടു വർഷത്തിലധികം തുടർച്ചയായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളെ ബാങ്കുകൾ നിർജീവമായി (Inoperative/Dormant) കണക്കാക്കുമെന്ന ആർബിഐ (RBI) മുന്നറിയിപ്പ് എസ്എംഎസ്, ഇ-മെയിൽ, പത്രക്കുറിപ്പുകൾ എന്നിവയിലൂടെ നൽകാറുണ്ട്.

ഇത്തരം നിർജീവമായ അക്കൗണ്ടുകളിലെ പണം ഒരിക്കലും നഷ്ടപ്പെടുകയോ ബാങ്കിന്റെ സ്വത്തായി മാറുകയോ ഇല്ല. എന്നാൽ, അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കാതെ ഈ തുക ഉടൻ പിൻവലിക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. ആവശ്യമായ കെവൈസി (KYC) രേഖകൾ നൽകി അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാക്കിയാൽ മാത്രമേ ഈ പണം തിരികെ ലഭിക്കൂ. ബാങ്കിന്റെ നിയമങ്ങൾ അനുസരിച്ച് അടുത്തുള്ള ഏത് ശാഖ സന്ദർശിച്ചോ വീഡിയോ കെവൈസി വഴിയോ വിവരങ്ങൾ പുതുക്കാവുന്നതാണ്.

അക്കൗണ്ട് വീണ്ടും ആക്ടീവ് ആക്കാനുള്ള ഘട്ടങ്ങൾ:

  • ബാങ്ക് ശാഖ സന്ദർശിക്കുക: നിങ്ങളുടെ ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖയിൽ നേരിട്ടെത്തുക.
  • നടപടിക്രമങ്ങൾ മനസ്സിലാക്കുക: ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് സംസാരിച്ച് അക്കൗണ്ട് റീ-ആക്ടിവേറ്റ് ചെയ്യാനുള്ള വിവരങ്ങൾ വ്യക്തമായി ചോദിച്ചറിയുക.
  • രേഖകൾ സമർപ്പിക്കുക: അക്കൗണ്ട് പുതുക്കുന്നതിനായി ആവശ്യപ്പെടുന്ന കെവൈസി രേഖകൾ കൃത്യമായി സമർപ്പിക്കുക.
  • സേവനം ലഭ്യമാക്കുക: ബാങ്കിന്റെ പരിശോധന പൂർത്തിയാകുന്നതോടെ നിങ്ങളുടെ അക്കൗണ്ട് വീണ്ടും സജീവമായി ഉപയോഗിക്കാം.