പൈതൃകത്തിന് പുതിയ ഭാവം; റിയാദിലെ 'റെഡ് പാലസ്' ഹോട്ടലാകുന്നു, ലോഗോയും ദൃശ്യരൂപവും പ്രകാശനം ചെയ്തു
സൗദി അറേബ്യയുടെ ചരിത്രത്തിലെ സുപ്രധാന ഏടായ റിയാദിലെ റെഡ് പാലസ്, ഒരു ആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറാൻ ഒരുങ്ങുന്നു.
റിയാദ്: സൗദി അറേബ്യയുടെ ഭരണ-രാഷ്ട്രീയ ചരിത്രത്തിലും വാസ്തുവിദ്യയിലും നിര്‍ണായക സ്ഥാനമുള്ള റിയാദിലെ ചരിത്രപ്രസിദ്ധമായ 'റെഡ് പാലസ്' അതിആഡംബര ബൂട്ടിക് പൈതൃക ഹോട്ടലായി മാറുന്നു. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള 'ബൂട്ടീക് ഗ്രൂപ്പ്' ആണ് ഈ ചരിത്രമന്ദിരത്തെ വീണ്ടെടുക്കുന്നത്. പൊതുജനങ്ങള്‍ക്കായി ഉടന്‍ തുറന്നുകൊടുക്കുന്നതിന്റെ മുന്നോടിയായി, കൊട്ടാരത്തിന്റെ തനിമയും ചരിത്രമഹിമയും ചോര്‍ന്നുപോകാതെയുള്ള പുതിയ ലോഗോയും ഔദ്യോഗിക ദൃശ്യരൂപവും അധികൃതര്‍ പുറത്തിറക്കി. ഈ വര്‍ഷം തന്നെ ഹോട്ടലിന്റെ പ്രൗഢമായ ഉദ്ഘാടനം ഉണ്ടാകും.
കൊട്ടാരത്തിന്റെ ഭിത്തികളിലെ പഴയ പ്ലാസ്റ്റര്‍ കൊത്തുപണികളില്‍ കാണുന്ന റോസാപ്പൂ മാതൃകയാണ് പുതിയ ലോഗോയുടെ പ്രധാന ആകര്‍ഷണം. മുന്‍വശത്തെ സവിശേഷമായ നിര്‍മാണശൈലിയെ അനുസ്മരിപ്പിക്കുന്ന ഡയമണ്ട് ഡിസൈനും, ഉള്‍വശത്തെ ഇരുമ്പ് അലങ്കാരപ്പണികളും, തനത് വാസ്തുവിദ്യയുമാണ് ലോഗോയുടെ മറ്റ് വരകള്‍ക്കും കോണുകള്‍ക്കും ആധാരമാക്കിയിരിക്കുന്നത്.
കൂടാതെ സൗദിയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന ദേശീയ ചിഹ്നവും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേവലമൊരു ചിഹ്നത്തിനപ്പുറം കൊട്ടാരത്തില്‍ എത്തുന്ന അതിഥികള്‍ക്ക് ലഭിക്കാന്‍ പോകുന്ന രാജകീയ അനുഭവത്തിന്റെയും പരമ്പരാഗത കരകൗശലവിദ്യയുടെയും പ്രതിഫലനമാണ് ഈ ലോഗോയെന്ന് ബൂട്ടീക് ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് ബ്രാന്‍ഡ് മാനേജ്‌മെന്റ് മേധാവി സാമി അല്‍ അഖ്‌ല വ്യക്തമാക്കി.
Comments ()