രാജകീയ ചരിത്രം പുതുക്കി റെഡ് പാലസ്; പുതിയ അധ്യായത്തിന് തുടക്കം
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) കീഴിലുള്ള ബൂട്ടീക് ഗ്രൂപ്പ് ആണ് കൊട്ടാരത്തെ ആഡംബര ഹോട്ടലാക്കി മാറ്റുന്നത്.
റിയാദ്: സൗദി അറേബ്യയുടെ ചരിത്രസാക്ഷിയായ റിയാദിലെ പ്രശസ്തമായ റെഡ് പാലസ് (അൽ ഖസർ അൽ അഹ്‌മർ) ഉടൻ ലോകോത്തര ഹെറിറ്റേജ് ബൂട്ടിക് ഹോട്ടലായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി കൊട്ടാരത്തിന്റെ പൈതൃകവും വാസ്തുവിദ്യാ പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും ലോഗോയും അധികൃതർ പുറത്തിറക്കി.
സൗദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായി, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) കീഴിലുള്ള ബൂട്ടീക് ഗ്രൂപ്പ് ആണ് കൊട്ടാരത്തെ ആഡംബര ഹോട്ടലാക്കി മാറ്റുന്നത്. ചരിത്രമൂല്യം നഷ്ടപ്പെടുത്താതെ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പുനരുദ്ധാരണം പുരോഗമിക്കുകയാണെന്നും ഈ വർഷം തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.
കൊട്ടാരത്തിലെ ചുവപ്പുനിറത്തിലുള്ള പ്ലാസ്റ്റർ കൊത്തുപണികളും മുൻഭാഗത്തെ നിർമാണ ശൈലിയും പരമ്പരാഗത അലങ്കാര രൂപകല്പനകളും ഉൾക്കൊണ്ടാണ് പുതിയ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. അതിഥികൾക്ക് രാജകീയ അനുഭവവും സൗദിയുടെ സാംസ്കാരിക പൈതൃകവും ഒരുമിച്ച് സമ്മാനിക്കുന്നതിന്റെ പ്രതീകമാണ് ഈ പുതിയ ബ്രാൻഡ് രൂപകല്പനയെന്ന് ബൂട്ടീക് ഗ്രൂപ്പ് അറിയിച്ചു.
1948-ൽ നിർമിച്ച റെഡ് പാലസ് റിയാദിൽ കമ്പിയും സിമന്റും ഉപയോഗിച്ച് നിർമിച്ച ആദ്യകാല കെട്ടിടങ്ങളിലൊന്നാണ്. അബ്ദുൽ അസീസ് രാജാവിന്റെ നിർദേശപ്രകാരമാണ് ഇത് നിർമിക്കപ്പെട്ടത്. പിന്നീട് സൗദി ഭരണകൂടത്തിന്റെ പ്രധാന കേന്ദ്രമായും മന്ത്രിസഭാ ആസ്ഥാനമായും നിരവധി ചരിത്രപരമായ തീരുമാനങ്ങൾക്ക് വേദിയായും ഈ കൊട്ടാരം പ്രവർത്തിച്ചു.
മന്ത്രിസഭാ ആസ്ഥാനം മാറ്റിയതിനു ശേഷം ഭരണനിർവഹണ കോടതിയായും പിന്നീട് സാംസ്കാരിക പൈതൃക കേന്ദ്രമായും ഉപയോഗിച്ചിരുന്ന റെഡ് പാലസ്, ഇപ്പോൾ ചരിത്രത്തിന്റെ മഹത്വം നിലനിർത്തിയുള്ള അതിഥിസത്കാര കേന്ദ്രമായി പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്.
Comments ()