അസുഖബാധിതനായിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി;ആയേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

തിരുവനന്തപുരം കല്ലറ സ്വദേശിയായ ആയേഷ് കോതമംഗലം എം.എ. കോളേജിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്

അസുഖബാധിതനായിട്ടും വീട്ടിലേക്ക് വിട്ടില്ലെന്ന് പരാതി;ആയേഷിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ വിദ്യാർഥി ആയേഷിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ. 19കാരന്റെ മരണത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങളിൽ സംശയങ്ങളുണ്ടെന്നും വ്യക്തിപരമായ പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. അസുഖം ബാധിച്ച സമയത്ത് വീട്ടിലേക്ക് മടങ്ങാൻ ആയേഷിന് അനുമതി നൽകിയില്ലെന്ന പരാതിയും ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം കല്ലറ സ്വദേശിയായ ആയേഷ് കോതമംഗലം എം.എ. കോളേജിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. ഇന്നലെ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. കോളേജിൽനിന്ന് മുറിയിലെത്തിയ ആയേഷ് ബാഗ് വെച്ചശേഷം പുറത്തേക്ക് പോയതായാണ് വിവരം. അതിനുപിന്നാലെയാണ് അപകടം സംഭവിച്ചത്. പ്രണയനൈരാശ്യമാണ് മരണത്തിന് കാരണമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും അത്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു.

കോളേജിലെ സമ്മർദത്തെക്കുറിച്ച് ആയേഷ് അമ്മയോട് പറഞ്ഞിരുന്നുവെന്നും കുടുംബം വ്യക്തമാക്കി. മരണവിവരം ബന്ധുക്കളെ അറിയിക്കാൻ വൈകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. അതേസമയം, ആയേഷിന് പ്രണയബന്ധമുണ്ടായിരുന്നോ, കോളേജിലോ ഹോസ്റ്റലിലോ എന്തെങ്കിലും പ്രശ്നങ്ങൾ നേരിട്ടിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ വ്യക്തതയില്ല. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ടവർ വിശദമായ അന്വേഷണം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.