വേനലിൽ നിന്ന് തണുപ്പിലേക്ക്; യുഎഇയിൽ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത

മാസത്തിന്റെ മധ്യത്തോടെ 'അൽ വസ്മ്' സീസൺ ആരംഭിക്കുന്നതോടെ അന്തരീക്ഷത്തിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മഴയ്ക്കൊപ്പം ചില മേഖലകളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം

വേനലിൽ നിന്ന് തണുപ്പിലേക്ക്; യുഎഇയിൽ കാലാവസ്ഥയിൽ വലിയ മാറ്റത്തിന് സാധ്യത

ദുബായ്: മാസങ്ങളായി തുടരുന്ന കടുത്ത ചൂടിന് പിന്നാലെ യുഎഇയിൽ കാലാവസ്ഥയിൽ മാറ്റം പ്രകടമാകുന്നു. ഒക്ടോബർ രണ്ടാം പകുതിയോടെ താപനിലയിൽ കൂടുതൽ കുറവുണ്ടാകുമെന്നും രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴയ്ക്കുള്ള സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വേനൽക്കാലത്ത് നിന്ന് തണുപ്പുകാലത്തിലേക്കുള്ള മാറ്റത്തിന് തുടക്കമാകുന്ന മാസമായാണ് ഒക്ടോബറിനെ കണക്കാക്കുന്നത്.

മാസത്തിന്റെ മധ്യത്തോടെ 'അൽ വസ്മ്' സീസൺ ആരംഭിക്കുന്നതോടെ അന്തരീക്ഷത്തിൽ കൂടുതൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പ്രത്യേകിച്ച് രാജ്യത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. മഴയ്ക്കൊപ്പം ചില മേഖലകളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം. ഇതോടെ ദൃശ്യപരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കേണ്ടിവരും.

ശരത്കാലത്തിന്റെ രണ്ടാം പകുതിയിൽ മഴയ്ക്കുള്ള സാധ്യത കൂടുതൽ ശക്തമാകുമെന്ന് എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. ഒക്ടോബർ പകുതിയോടെ തണുപ്പുകാലവുമായി ബന്ധപ്പെട്ട മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂര്യന്റെ ദക്ഷിണായന സഞ്ചാരത്തോടെ പകലിന്റെ ദൈർഘ്യം കുറയുകയും രാത്രികൾ കൂടുതൽ ദൈർഘ്യമേറിയതാകുകയും ചെയ്യും.

അറേബ്യൻ കടലിൽനിന്നും ഒമാൻ ഉൾക്കടലിൽനിന്നും എത്തുന്ന ഈർപ്പമുള്ള കാറ്റും അന്തരീക്ഷത്തിലെ മറ്റ് മാറ്റങ്ങളും മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കും. ഇതോടെ വരും ആഴ്ചകളിൽ യുഎഇയിൽ ചൂട് കുറയുകയും പൊതുവെ കൂടുതൽ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.