മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയ്‌ക്കെതിരായ പരാമർശം; ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം
നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഉയർന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്റെ പ്രസംഗം. ഇതിനിടെയാണ് വിജയ്‌യുടെ അമ്മയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ വിവാദ പരാമർശം രാഷ്ട്രീയ വിവാദമായി. സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ അമ്മയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ഉണ്ടായത്. സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾക്കും തുടക്കമായി.
നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ഉയർന്ന ‘അപ്പ’ പരിഹാസത്തെ പരാമർശിച്ചുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്റെ പ്രസംഗം. ഇതിനിടെയാണ് വിജയ്‌യുടെ അമ്മയെക്കുറിച്ച് വിവാദ പരാമർശം നടത്തിയത്. പ്രസ്താവനയ്‌ക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ ചെന്നൈ സ്വദേശിയായ അഭിഭാഷകൻ തമിഴ്‌നാട് ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
വിവാദ പ്രസ്താവനയ്‌ക്കെതിരെ ഭരണകക്ഷി മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. നൈനാർ നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു. രാഷ്ട്രീയത്തിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ പോലും ബിജെപി നേതാവ് ലംഘിച്ചുവെന്നാണ് രാജ്‌മോഹന്റെ വിമർശനം.
അതേസമയം, ബിജെപിക്കുള്ളിൽനിന്നും നൈനാർ നാഗേന്ദ്രന്റെ പരാമർശത്തിനെതിരെ എതിർപ്പ് ഉയർന്നു. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. രാഷ്ട്രീയ മര്യാദയുടെ എല്ലാ പരിധികളും ലംഘിക്കുന്നതാണ് നൈനാർ നാഗേന്ദ്രന്റെ വാക്കുകളെന്നും വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കാനാകില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുടുംബാംഗത്തിനെതിരായ പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെ നൈനാർ നാഗേന്ദ്രനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.
Comments ()