മോദിയുടെ വീഡിയോ നീക്കിയ സംഭവം; മാർക്ക് സക്കർബർഗ് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം, രൂക്ഷവിമര്‍ശനം
വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ സാഹചര്യം സംബന്ധിച്ച് കമ്പനി വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷകളുടെ കാര്യത്തിൽ പുനഃപരിശോധന നടത്തേണ്ടി വരാമെന്നും സമിതി മുന്നറിയിപ്പ് നൽകി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. സംഭവത്തിൽ പരസ്യമായി മാപ്പ് പറയണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വീഡിയോ നീക്കം ചെയ്തതിന് പിന്നിലെ സാഹചര്യം സംബന്ധിച്ച് കമ്പനി വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ടെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷകളുടെ കാര്യത്തിൽ പുനഃപരിശോധന നടത്തേണ്ടി വരാമെന്നും സമിതി മുന്നറിയിപ്പ് നൽകി.
അതേസമയം, വിവാദത്തിന് പിന്നാലെ മെറ്റയുടെ പബ്ലിക് പോളിസി വിഭാഗം മേധാവി കേന്ദ്ര ഐടി സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി സംഭവത്തിൽ കമ്പനിയുടെ വിശദീകരണം കൈമാറിയതായാണ് റിപ്പോർട്ടുകൾ. വീഡിയോ നീക്കം ചെയ്യാൻ കാരണമായ സാഹചര്യങ്ങളും കമ്പനിയുടെ നടപടിക്രമങ്ങളും യോഗത്തിൽ വിശദീകരിച്ചതായും വിവരം പുറത്തുവന്നു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തവും ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് ഈ വിഷയത്തിൽ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി ഇടപെട്ടത്.
Comments ()