പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത് അസഭ്യവർഷം; മുന്നറിയിപ്പിന് ശേഷവും ശല്യം, പ്രതി അറസ്റ്റിൽ
മൈസൂരിൽ നിന്നാണ് ചങ്ങരംകുളം പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ച് പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി
മലപ്പുറം: പൊലീസ് സ്റ്റേഷനിലേക്ക് തുടർച്ചയായി ഫോൺ ചെയ്ത് ഭീഷണിയും അസഭ്യവാക്കുകളും നടത്തിയെന്ന പരാതിയിൽ മലപ്പുറം ചങ്ങരംകുളത്ത് ഒരാൾ അറസ്റ്റിൽ. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജൻ (46) ആണ് പിടിയിലായത്.
മൈസൂരിൽ നിന്നാണ് ചങ്ങരംകുളം പൊലീസ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ ഔദ്യോഗിക ഫോൺ നമ്പറിലേക്ക് പലതവണ വിളിച്ച് പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്നാണ് പരാതി. സമാനമായ സംഭവത്തിൽ നേരത്തെ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഫോൺവിളികൾ വീണ്ടും തുടരുകയായിരുന്നു.
ഇതിനിടെ, പെട്രോൾ പമ്പിൽ തീപിടിത്തമുണ്ടായെന്ന തരത്തിൽ പൊലീസിന് ഫോൺ സന്ദേശം നൽകിയ സംഭവവും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് വ്യാജമായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്.
പൊലീസ് സംവിധാനത്തെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജവിവരം നൽകിയിട്ടുണ്ടോ എന്നതും തുടർ അന്വേഷണത്തിന്റെ ഭാഗമാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Comments ()