യൂണിഫോമിലും ഫയർഫോഴ്സ് വാഹനങ്ങളിലും റീൽസ് വേണ്ട; കർശന നിർദ്ദേശവുമായി ഫയർഫോഴ്സ് മേധാവി

ഔദ്യോഗിക യൂണിഫോം ധരിച്ചോ, വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചോ സേനാംഗങ്ങള്‍ റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ല

യൂണിഫോമിലും ഫയർഫോഴ്സ് വാഹനങ്ങളിലും റീൽസ് വേണ്ട; കർശന നിർദ്ദേശവുമായി ഫയർഫോഴ്സ് മേധാവി

കോഴിക്കോട്: സംസ്ഥാന ഫയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥര്‍ റീല്‍സ് ചെയ്യുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഔദ്യോഗിക യൂണിഫോം ധരിച്ചോ, വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചോ സേനാംഗങ്ങള്‍ റീല്‍സ് ചിത്രീകരിക്കാന്‍ പാടില്ലെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടു.

ഈ വിലക്ക് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ വകുപ്പുതല നടപടികള്‍ സ്വീകരിക്കും. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനും വകുപ്പിന്റെ സേവനങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിനുമുള്ള റീല്‍സുകള്‍ ചിത്രീകരിക്കുന്നതിന് ഈ നിയന്ത്രണം ബാധകമല്ലെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

വകുപ്പിലെ ജീവനക്കാര്‍ യൂണിഫോം ധരിച്ച് റീല്‍സ് ചിത്രീകരിക്കുന്നതില്‍ പരാതി ലഭിച്ചതായി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നു. 'വകുപ്പിന്റെ വാഹനങ്ങളും ഉപകരണങ്ങളും മറ്റും ഉപയോഗിച്ച് വകുപ്പിന്റെ സേവനങ്ങളുമായി ബന്ധമില്ലാത്തതോ വകുപ്പിന്റെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതോ ആയ റീല്‍സ് ചിത്രീകരിക്കുന്നത് അനുവദനീയമല്ല. ഇത്തരം റീല്‍സ് ചിത്രീകരിക്കരുതെന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു', ഉത്തരവില്‍ പറയുന്നു.