ചെക്കൻ ഫിറ്റ്നസ് കോച്ചായ മലയാളി, കല്യാണം മുംബൈയിൽ ഈ മാസം: വരനെ പരിചയപ്പെടുത്തി റിമി ടോമി
നവംബറിൽ മുംബൈയില്‍ വച്ചാണ് വിവാഹം നടക്കുക.
കൊച്ചി: താൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷവാർത്തയ്ക്ക് പിന്നാലെ വരനെ ആരാധകർക്ക് പരിചയപ്പെടുത്തി പ്രിയഗായിക റിമി ടോമി. മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളിയും ഫിറ്റ്നസ് ട്രെയ്നറുമായ ലിബിൻ മാത്യുവാണ് റിമിയുടെ ജീവിതപങ്കാളിയാകുന്നത്. വിവാഹം ഈ മാസം (നവംബർ) തന്നെ ലളിതമായ ചടങ്ങുകളോടെ മുംബൈയിൽ വെച്ച് നടക്കുമെന്നും റിമി തന്റെ പുതിയ വീഡിയോയിലൂടെ അറിയിച്ചു.
തന്റെ നിലവിലെ ഫിറ്റ്നസ് കോച്ച് കൂടിയാണ് ലിബിൻ എന്ന് റിമി വ്യക്തമാക്കി. "മാർച്ച് 10-നാണ് ഞങ്ങൾ ആദ്യമായി ഫോണിൽ സംസാരിക്കുന്നത്. തുടർന്ന് മാർച്ച് 14-ന് നേരിൽ കണ്ടു. അന്ന് ഞങ്ങൾ ഒന്നിച്ച് എടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ പരസ്പരം ഒരു പ്രത്യേക മാനസിക അടുപ്പം തോന്നുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു," റിമി പറഞ്ഞു.
മുംബൈയിലെ ഡോംബിവ്ലിയിലുള്ള ചെറിയൊരു പള്ളിയിൽ വെച്ചായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. തികച്ചും ലളിതമായി നടത്തുന്ന ചടങ്ങായതിനാൽ സിനിമാ-സംഗീത മേഖലയിൽ നിന്നുള്ള സുഹൃത്തുക്കളെ ഉൾപ്പെടെ ആരെയും പ്രത്യേകം ക്ഷണിക്കുന്നില്ലെന്നും റിമി കൂട്ടിച്ചേർത്തു.
Comments ()