മഴക്കുറവും ചൂടും തിരിച്ചടി; സംസ്ഥാനത്ത് വൈകീട്ട് വൈദ്യുതി നിയന്ത്രണ സാധ്യത

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് മഴ ലഭ്യത കുറഞ്ഞതും ചൂട് തുടരുന്നതുമാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർന്നിട്ടുണ്ട്.

മഴക്കുറവും ചൂടും തിരിച്ചടി; സംസ്ഥാനത്ത് വൈകീട്ട് വൈദ്യുതി നിയന്ത്രണ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഉയർന്ന സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും മൂലമാണ് വൈദ്യുതി ആവശ്യകതയിൽ വർധന ഉണ്ടായിരിക്കുന്നത്.

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തെ തുടർന്ന് മഴ ലഭ്യത കുറഞ്ഞതും ചൂട് തുടരുന്നതുമാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമെന്ന് കെഎസ്ഇബി വ്യക്തമാക്കി. കഴിഞ്ഞ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ഗണ്യമായി ഉയർന്നിട്ടുണ്ട്.

മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം സാധാരണ ദിവസങ്ങളെക്കാൾ 300 മുതൽ 400 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

അതേസമയം, രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത വർധിച്ചതോടെ പവർ എക്സ്ചേഞ്ച് വഴി ലഭിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവ് അനുഭവപ്പെടുന്നുണ്ട്. ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമുണ്ടായാൽ വൈകുന്നേരം ഏഴ് മണിക്ക് ശേഷം നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരാമെന്നാണ് മുന്നറിയിപ്പ്.