ഇനി വിമാനത്താവളത്തിൽ അനൗൺസ്‌മെന്റ് ശബ്ദമില്ല; റിയാദിൽ ‘സൈലന്റ് എയർപോർട്ട്’ സംവിധാനം

വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി ഓരോ യാത്രക്കാരനും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധിക്കാം. ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഡിസ്‌പ്ലേകളിലും മൊബൈൽ ആപ്പിലുമാകും വിമാനത്തിന്റെ സമയക്രമം, ഗേറ്റ് വിവരങ്ങൾ തുടങ്ങിയ പ്രധാന അറിയിപ്പുകൾ ലഭ്യമാകുക

ഇനി വിമാനത്താവളത്തിൽ അനൗൺസ്‌മെന്റ് ശബ്ദമില്ല; റിയാദിൽ ‘സൈലന്റ് എയർപോർട്ട്’ സംവിധാനം

റിയാദ്: യാത്രക്കാരുടെ തിരക്കും ശബ്ദവും കുറച്ച് വിമാനത്താവളത്തിൽ കൂടുതൽ സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പുതിയ സംവിധാനവുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. ‘സൈലന്റ് എയർപോർട്ട്’ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ടെർമിനൽ 5ൽ പൊതുവായ ഉച്ചഭാഷിണി അറിയിപ്പുകൾ ഒഴിവാക്കി.

വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇനി ഓരോ യാത്രക്കാരനും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധിക്കാം. ടെർമിനലിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഡിസ്‌പ്ലേകളിലും മൊബൈൽ ആപ്പിലുമാകും വിമാനത്തിന്റെ സമയക്രമം, ഗേറ്റ് വിവരങ്ങൾ തുടങ്ങിയ പ്രധാന അറിയിപ്പുകൾ ലഭ്യമാകുക.

യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ അറിയുന്നതിനായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റും ഉപയോഗിക്കാം. കൂടാതെ 920020090 എന്ന വാട്സ്ആപ്പ് നമ്പറിലൂടെയും ‘എന്നോട് ചോദിക്കൂ’ സേവനത്തിലൂടെയും വിമാന സർവീസുകളുടെ പുതിയ വിവരങ്ങൾ ലഭിക്കും.

പതിവായി ഉണ്ടാകുന്ന പൊതുഅറിയിപ്പുകളുടെ ശബ്ദം ഒഴിവാക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ ശാന്തമായ അന്തരീക്ഷത്തിൽ വിമാനത്താവളത്തിൽ സമയം ചെലവഴിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്രത്യേകിച്ച് ബോർഡിങ് ഗേറ്റുകളുമായി ബന്ധപ്പെട്ട ആവശ്യമായ അറിയിപ്പുകൾ അവിടങ്ങളിൽ തന്നെ നൽകും.

പദ്ധതിയുടെ ആദ്യ ഘട്ടമാണ് ടെർമിനൽ 5ൽ ആരംഭിച്ചിരിക്കുന്നത്. വിജയകരമായ നടപ്പാക്കലിന് ശേഷം മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

റിയാദ് വിമാനത്താവളത്തെ കൂടുതൽ ആധുനികവും യാത്രാസൗഹൃദവുമാക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.