സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെയുള്ള തടവുശിക്ഷയും ചുമത്തും.

സൗദിയിൽ വിസ കാലാവധി കഴിഞ്ഞവർക്ക് മുന്നറിയിപ്പ്: കനത്ത പിഴയും ജയിൽശിക്ഷയും, നിയമലംഘകരെ അറിയിക്കാൻ പ്രത്യേക നമ്പറുകൾ

റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും ആറ് മാസം വരെയുള്ള തടവുശിക്ഷയും ചുമത്തും. ഇതിനുപുറമെ, ഇത്തരം നിയമലംഘകരെ നാടുകടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി, ലംഘനങ്ങള്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ വീണ്ടും ഓര്‍മ്മിപ്പിച്ച് സൗദി പൊതുസുരക്ഷാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വിസാ കാലാവധി കഴിഞ്ഞിട്ടും പ്രവാസികളുടെ യാത്രാവിവരങ്ങള്‍ യഥാസമയം അറിയിക്കാത്ത സ്‌പോണ്‍സര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സജീവമായ സഹകരണവും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സൗദി അറേബ്യയെ 'നിയമലംഘകരില്ലാത്ത രാജ്യം' ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ സുരക്ഷാ കാമ്പയിന്റെ ഭാഗമായാണ് ഈ പുതിയ കര്‍ശന നിര്‍ദേശങ്ങള്‍. നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങള്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ (ഈസ്റ്റേണ്‍ പ്രൊവിന്‍സ്) എന്നിവിടങ്ങളിലുള്ളവര്‍ 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര്‍ 999 എന്ന നമ്പറിലും വിളിച്ച് അധികൃതരെ അറിയിക്കേണ്ടതാണ്.