സൗദിയിൽ ഉഷ്ണതരംഗത്തിന് തുടക്കം; മുൻകരുതൽ പാലിക്കാൻ നിർദ്ദേശം
സൗദി അറേബ്യയിൽ വേനൽക്കാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗമായ ‘ജംറതുൽ ഖൈദ്’ ആരംഭിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ വേനല്‍ക്കാലത്തെ ഏറ്റവും കഠിനമായ ഉഷ്ണതരംഗ ഘട്ടമായ 'ജംറതുല്‍ ഖൈദ്' ത്തിന് തുടക്കം. ഇതേ തുടര്‍ന്ന് വരും ആഴ്ചകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷ താപനില വാര്‍ഷിക ശരാശരിയുടെ പരമാവധി പരിധിയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍.
സാധാരണയായി ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് ആദ്യവാരം വരെയാണ് ഈ കഠിനമായ വേനല്‍ക്കാല ഘട്ടം നീണ്ടുനില്‍ക്കുന്നത്. വേനല്‍ക്കാലത്തെ നാലാമത്തെ നക്ഷത്രസമൂഹ ഘട്ടമായ 'അല്‍ ഹനാഹി'െന്റ പ്രവേശനത്തോടെയാണ് ജംറതുല്‍ ഖൈദിന്റെ യഥാര്‍ത്ഥ തുടക്കമെന്ന് 'ആഫാഖ്' അസ്‌ട്രോണമിക്കല്‍ സയന്‍സ് സൊസൈറ്റി അംഗം ബര്‍ജാസ് അല്‍ ഫുലൈഹ് വ്യക്തമാക്കി. പതിമൂന്ന് ദിവസമാണ് ഈ ഘട്ടത്തിന്റെ ദൈര്‍ഘ്യം.
പ്രത്യേകിച്ച് തീരദേശ മേഖലകളില്‍ താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് ഗണ്യമായി വര്‍ദ്ധിക്കുമെന്നും അല്‍ ഫുലൈഹ് ചൂണ്ടിക്കാട്ടി. കടുത്ത ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ കൃത്യമായ ആരോഗ്യ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും, കടുത്ത തളര്‍ച്ച, സൂര്യഘാതം (ഹീറ്റ് സ്‌ട്രോക്ക്) എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ ധാരാളമായി വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments ()