അറബിക് സർവകലാശാല വേണം, പെരുന്നാൾ അവധിയും വർധിപ്പിക്കണം; മുഖ്യമന്ത്രിയോട് സമസ്ത
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ സർക്കാർ അവധി അനുവദിച്ച് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. പദ്ധതിയെ ചൊല്ലി വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആശങ്കകൾ സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ സന്ദർശിച്ച സമസ്ത പ്രതിനിധി സംഘം വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളും മുന്നോട്ടുവച്ചു. പൊതുസമൂഹത്തിന്റെ ആശങ്കകൾ പരിഗണിച്ച് വിദ്യാഭ്യാസ നയങ്ങളിൽ തീരുമാനമെടുക്കണമെന്നും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സമീപനം സർക്കാർ സ്വീകരിക്കണമെന്നും സമസ്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളത്തിൽ അറബിക് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാല സ്ഥാപിക്കണമെന്ന ആവശ്യവും പ്രതിനിധി സംഘം ഉന്നയിച്ചു. കൂടാതെ ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് ദിവസത്തെ സർക്കാർ അവധി അനുവദിച്ച് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
സമസ്തയുടെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി ശ്രദ്ധയിൽപ്പെടുത്തിയതായും വിഷയങ്ങൾ സർക്കാർ തലത്തിൽ പരിശോധിക്കുമെന്ന് അറിയിച്ചതായും സംഘടനാ നേതൃത്വം വ്യക്തമാക്കി.
Comments ()