കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ 10 രൂപയ്ക്ക് സാനിറ്ററി നാപ്കിൻ; 'വിമൻ ഓൺ ദ മൂവ്' പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ 14 കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിൻ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ യാത്രക്കാരായ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന 'വിമൻ ഓൺ ദ മൂവ് ആൻഡ് മെൻസ്ട്ര്വൽ നീഡ്സ്' പദ്ധതിക്ക് തുടക്കമായി. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും ഉദ്ഘാടനം വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. സ്ത്രീകളുടെ ആരോഗ്യവും അന്തസ്സും സംരക്ഷിക്കേണ്ടത് സമൂഹം ഒരുക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് എച്ച്.എൽ.എല്ലിന്റെ (HLL) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബസ് ടെർമിനലുകളിലെ ശുചിമുറികൾക്ക് സമീപമാണ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. 10 രൂപയ്ക്ക് 3 നാപ്കിനുകൾ അടങ്ങിയ പാക്കറ്റ് ഇതിലൂടെ ലഭിക്കും. ഉപയോഗിച്ചവ പരിസ്ഥിതിസൗഹൃദമായി സംസ്കരിക്കാനുള്ള ഇൻസിനറേറ്റർ സൗകര്യവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. മെഷീനുകളുടെ തുടർപരിപാലനം കെഎസ്ആർടിസി നിർവഹിക്കും.
ആദ്യഘട്ടത്തിൽ 14 ജില്ലകളിലെ ഓരോ പ്രധാന കെഎസ്ആർടിസി ടെർമിനലുകളിലാണ് (തമ്പാനൂർ, കരുനാഗപ്പള്ളി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, മാനന്തവാടി, കണ്ണൂർ, കാസർഗോഡ്) മെഷീനുകൾ സജ്ജമാക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഇത് 93 കെഎസ്ആർടിസി ഡിപ്പോകളിലേക്കും തുടർന്ന് പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കും മറ്റ് പൊതുവിടങ്ങളിലേക്കും വ്യാപിപ്പിക്കും.
ഉദ്ഘാടന ചടങ്ങിൽ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി സ്വാഗതം ആശംസിച്ചു. തമ്പാനൂർ വാർഡ് കൗൺസിലർ ആർ. ഹരികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ ആശംസകൾ നേർന്നു.
Comments ()