ഇത്തിഹാദ് റെയിൽ; ഒരു യുഗപ്പിറവിയുടെ നേർസാക്ഷ്യം: സന്തോഷ് കുമാർ കെ

ഒരു പ്രവാസിയുടെ കണ്ണിലൂടെ യു.എ.ഇ.യുടെ റെയിൽ സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ

ഇത്തിഹാദ് റെയിൽ; ഒരു യുഗപ്പിറവിയുടെ നേർസാക്ഷ്യം: സന്തോഷ് കുമാർ കെ
സന്തോഷ് കുമാർ കെ മാനേജിംഗ് ഡയറക്ടർ പോളി കെം മിഡിൽ ഈസ്റ്റ് അജ്മാൻ, യു.എ.ഇ

ദുബായ്: യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ സര്‍വീസ് ഇന്ന് മുതല്‍ ഔദ്യോഗികമായി യാത്രക്കാരുമായി കുതിച്ചുതുടങ്ങിയ വാര്‍ത്തയാണ് പ്രവാസികള്‍ക്ക് വലിയ സന്തോഷം നല്‍കുന്നത്. യുഎഇയിലെ ജനങ്ങളും പ്രവാസികളും വെറുമൊരു ട്രെയിന്‍ സര്‍വീസായല്ല, മറിച്ച് തങ്ങളുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒരു വിപ്ലവമായാണ് നോക്കിക്കാണുന്നത്.
ഈ പദ്ധതിയെക്കുറിച്ച് പ്രമുഖ ബിസിനസ്സ് നിരീക്ഷകനും സംരംഭകനുമായ സന്തോഷ് കുമാര്‍ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

കുറിപ്പ്..

കഴിഞ്ഞ 32 വര്‍ഷമായി ഈ യു.എ.ഇ. മണ്ണില്‍ ജീവിക്കുന്ന ഒരാളാണ് ഞാന്‍. മണലാരണ്യത്തില്‍ നിന്നും ലോകത്തിന്റെ നെറുകയിലേക്കുള്ള ഈ രാജ്യത്തിന്റെ പടിപടിയായുള്ള വികസനവും പ്രയാണവും ഏറെ അഭിമാനത്തോടെയും സുസൂക്ഷ്മവുമാണ് ഞാന്‍ വീക്ഷിച്ചിട്ടുള്ളത്. കേവലമൊരു പ്രവാസി എന്നതിനപ്പുറം, ഈ രാജ്യത്തിന്റെ പുരോഗതിക്കായി തന്നാലാകുന്ന സഹകരണവും പ്രവൃത്തിപരിചയവും നിര്‍ലോഭം നല്‍കുവാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സംതൃപ്തിയുമുണ്ട്.

കഴിഞ്ഞ കുറച്ചുകാലമായി ഞാന്‍ എമിറേറ്റ്‌സ് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍, ട്രാഫിക് ബ്ലോക്കുകളില്‍പ്പെടുമ്പോഴോ വണ്ടി നിര്‍ത്തുമ്പോഴോ ഒക്കെ കൗതുകത്തോടെ നോക്കാറുള്ളത് റെയില്‍വേ ട്രാക്കുകളിലേക്കായിരുന്നു. അവിടെ ഇത്തിഹാദ് റെയിലിന്റെ ട്രയല്‍ സവാരികള്‍ മിന്നിമറയുന്നത് കാണുമ്പോള്‍ ഉള്ളില്‍ തോന്നിയ സന്തോഷവും ആവേശവും വാക്കുകള്‍ക്ക് അതീതമാണ്.

യു.എ.ഇ.യുടെ പുതിയൊരു യുഗപ്പിറവിക്കാണ് നാം സാക്ഷ്യം വഹിക്കുന്നത് എന്ന ബോധ്യം ആ കാഴ്ചകള്‍ എന്നിലുണ്ടാക്കി.
അതുകൊണ്ടുതന്നെ ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടന ട്രെയിനുകളുടെ ടിക്കറ്റുകള്‍ വെറും മണിക്കൂറുകള്‍ക്കകം വിറ്റുപോയി എന്ന വാര്‍ത്ത എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. ആദ്യദിവസത്തെ ആദ്യ ട്രെയിനില്‍ത്തന്നെ യാത്ര ചെയ്ത് ഈ ചരിത്രനിമിഷത്തിന്റെ ഭാഗമാകാന്‍ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ അഭൂതപൂര്‍വ്വമായ തിരക്കുകാരണം നിര്‍ഭാഗ്യവശാല്‍ എനിക്ക് ടിക്കറ്റ് ലഭ്യമായില്ല. ജനങ്ങള്‍ ഈ പദ്ധതിയെ എത്രമാത്രം ഹൃദയത്തോട് ചേര്‍ത്തുവെച്ചു എന്നതിന്റെ നേര്‍സാക്ഷ്യമാണ് ആ ടിക്കറ്റ് വില്‍പന.

വ്യാപാര-വ്യവസായ മേഖലകളില്‍ ഇത്തിഹാദ് റെയില്‍ വരുത്താന്‍ പോകുന്ന വിപ്ലവം ചെറുതല്ല. പ്രത്യേകിച്ച്, ഫുജൈറയില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ ട്രെയിന്‍ മാര്‍ഗ്ഗം അതിവേഗം ജബല്‍ അലി പോര്‍ട്ടിലേക്ക് എത്തുന്ന സംവിധാനം ചരക്കുനീക്കത്തെ പൂര്‍ണ്ണമായും പുനര്‍നിര്‍വ്വചിക്കും. സമയം ലാഭിക്കുന്നതിനൊപ്പം ബിസിനസ്സ് രംഗത്ത് വിപ്ലവകരമായ സൗകര്യങ്ങളാണ് ഇത് തുറന്നിടുന്നത്.

ഒരു യൂറോപ്യന്‍ രാജ്യത്തെ ട്രെയിനുകളേക്കാള്‍ മികച്ച ക്വാളിറ്റിയും അതിമനോഹരവും ആണ് ഇത്തിഹാദ് റെയിലിനുള്ളത്. ആ അത്യാധുനിക ട്രെയിനില്‍ ഇരുന്ന്, മാറിയ യു.എ.ഇ.യുടെ കാഴ്ചകള്‍ കണ്ട് സുഖകരമായ ആ യാത്ര ഒന്ന് ആസ്വദിക്കണം എന്നത് ഒരു വലിയ ആഗ്രഹമായി ഉള്ളിലുണ്ട്. ദീര്‍ഘവീക്ഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും ഈ വിസ്മയം യാഥാര്‍ത്ഥ്യമാക്കിയ യു.എ.ഇ. ഭരണാധികാരികള്‍ക്ക് എന്റെ ആദരവും ഹൃദയം നിറഞ്ഞ ആശംസകളും നേരുന്നു!

സന്തോഷ് കുമാർ കെ മാനേജിംഗ് ഡയറക്ടർ പോളി കെം മിഡിൽ ഈസ്റ്റ് അജ്മാൻ, യു.എ.ഇ