സൗദി സർവീസ് നടത്തുന്ന എയർലൈനുകൾക്ക് മുന്നറിയിപ്പ്: യാത്രക്കാരുടെ യാത്രാരേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം
ബോർഡിംഗ് പോയിന്റുകളിൽ വച്ചുതന്നെ യാത്രക്കാർ ആവശ്യമായ എല്ലാ രേഖകളും കൈവശം വെച്ചിട്ടുണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കേണ്ടതുണ്ട്
സൗദി അറേബ്യൻ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്ന മുഴുവൻ യാത്രക്കാരുടെയും യാത്രാരേഖകൾ കൃത്യമാണെന്ന് വിമാനക്കമ്പനികൾ നിർബന്ധമായും ഉറപ്പുവരുത്തണമെന്ന് സൗദി ജനറൽ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷൻ (GACA) കർശന നിർദ്ദേശം നൽകി. രാജ്യത്തേക്ക് വരുന്നവരുടെയും അവിടെനിന്ന് പോകുന്നവരുടെയും ട്രാൻസിറ്റ് യാത്രക്കാരുടെയും എൻട്രി, എക്സിറ്റ്, ട്രാൻസിറ്റ് മാനദണ്ഡങ്ങൾ എയർലൈനുകൾ കൃത്യമായി പരിശോധിക്കണമെന്നാണ് നിർദ്ദേശം. വാണിജ്യ എയർലൈനുകൾക്കും പ്രൈവറ്റ് വിമാനക്കമ്പനികൾക്കും ഈ നിയമം ഒരുപോലെ ബാധകമാണ്.
യാത്ര പുറപ്പെടുന്ന ഇടം, എത്തുന്ന രാജ്യം, ട്രാൻസിറ്റ് കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ പുതുക്കിയ യാത്രാനിയമങ്ങൾ അതത് രാജ്യങ്ങളുടെ ഔദ്യോഗിക ചാനലുകൾ വഴിയോ പോർട്ടലുകൾ വഴിയോ തന്നെ എയർലൈനുകൾ ശേഖരിക്കേണ്ടതുണ്ട്. കൂടാതെ, ബോർഡിംഗ് സമയത്ത് യാത്രക്കാരുടെ കൈവശം ആവശ്യമായ എല്ലാ രേഖകളും ഉണ്ടെന്ന് വിമാനക്കമ്പനികൾ ഉറപ്പാക്കണം. ജിഎസിഎയുടെ നിർദ്ദേശങ്ങളും സർക്കുലറുകളും പൂർണ്ണമായി പാലിക്കണമെന്നും വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
Comments ()