തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തിനും എൻട്രി വിസ; സൗദിയിൽ പുതിയ ഇളവ്

പുതിയ വ്യവസ്ഥകൾ പ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശ തൊഴിലാളികൾക്ക് ജീവിതപങ്കാളിയെയും 25 വയസിന് താഴെയുള്ള ആൺമക്കളെയും അവിവാഹിതരായ പെൺമക്കളെയും സൗദിയിൽ ഒപ്പം താമസിപ്പിക്കാൻ കഴിയും

തൊഴിൽ വിസയ്‌ക്കൊപ്പം കുടുംബത്തിനും എൻട്രി വിസ; സൗദിയിൽ പുതിയ ഇളവ്

റിയാദ്: തൊഴിൽ വിസയിൽ സൗദി അറേബ്യയിലെത്തുന്ന യോഗ്യതയുള്ള വിദഗ്ധ തൊഴിലാളികൾക്ക് കുടുംബാംഗങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി. പ്രവാസികൾക്ക് ആശ്വാസകരമായ തീരുമാനം സൗദി ആഭ്യന്തര മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

പുതിയ വ്യവസ്ഥകൾ പ്രകാരം നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന വിദേശ തൊഴിലാളികൾക്ക് ജീവിതപങ്കാളിയെയും 25 വയസിന് താഴെയുള്ള ആൺമക്കളെയും അവിവാഹിതരായ പെൺമക്കളെയും സൗദിയിൽ ഒപ്പം താമസിപ്പിക്കാൻ കഴിയും. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള അനുമതി തൊഴിലാളിയുടെ ശമ്പളം, വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യുന്ന തൊഴിൽ വിഭാഗം എന്നിവ പരിഗണിച്ചായിരിക്കും നൽകുക.

അർഹരായവർക്ക് ആവശ്യമായ അപേക്ഷാ നടപടികൾ പൂർത്തിയാക്കിയാൽ തൊഴിൽ വിസയ്ക്കൊപ്പം തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയ്ക്കും അപേക്ഷിക്കാം. ഇതോടെ കുടുംബാംഗങ്ങളെ പിന്നീട് പ്രത്യേക നടപടിക്രമങ്ങളിലൂടെ എത്തിക്കേണ്ട സാഹചര്യം ഒഴിവാക്കാനാകും.

സൗദിയിൽ എത്തിയ ശേഷം കുടുംബാംഗങ്ങളുടെ റസിഡൻസ് പെർമിറ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ രാജ്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പൂർത്തിയാക്കാം. പ്രവാസി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും രാജ്യത്ത് താമസിക്കുന്നവർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.