സൗദിയിൽ വരുംദിനങ്ങളിൽ അതിശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

മോശം കാലാവസ്ഥ നിലനിൽക്കുമ്പോഴും രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂട് തുടരും

സൗദിയിൽ വരുംദിനങ്ങളിൽ അതിശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് രാജ്യത്തിന്റെ പല മേഖലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളിൽ താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. ജാസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രവിശ്യകളിൽ മിതമായതോ ശക്തമായതോ ആയ മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. കനത്ത മഴ കാരണം വൻതോതിലുള്ള വെള്ളപ്പൊക്കത്തിനും, ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയർന്ന് കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

മഴ ശക്തമാകാൻ സാധ്യതയുള്ള മക്ക മേഖലയിലെ താഇഫ്, അൽ കാമിൽ, അദ്ഹം തുടങ്ങിയ പ്രദേശങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ മദീനയിലെ അൽ ഐസ്, അൽ മഹ്ദ്, ബദർ എന്നീ സ്ഥലങ്ങളിൽ മിതമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഓറഞ്ച് അലർട്ടും, റാബിഗ്, ജിദ്ദ, അൽ ഖുർമ എന്നിവിടങ്ങളിൽ നേരിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്.