സൗദി റെയിൽവേയ്ക്ക് കൂടുതൽ കരുത്ത്: സ്വിറ്റ്സർലൻഡിൽ നിന്ന് 10 പാസഞ്ചർ ട്രെയിനുകൾ കൂടി വാങ്ങുന്നു
യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് സൗദി റെയിൽവേ പുതിയ പാസഞ്ചർ ട്രെയിനുകൾ നിരത്തിലിറക്കുന്നത്.
രാജ്യത്തെ റെയിൽവേ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്വിറ്റ്സർലൻഡിൽ നിന്ന് 10 പുതിയ പാസഞ്ചർ ട്രെയിനുകൾ കൂടി വാങ്ങാൻ സൗദി അറേബ്യൻ റെയിൽവേ തീരുമാനിച്ചു. അന്താരാഷ്ട്ര ട്രാൻസ്പോർട്ട് സാങ്കേതിക മേളയായ 'ഇന്നോട്രാൻസ് 2026'-ൽ വെച്ചാണ് ഇതുസംബന്ധിച്ച നിർണ്ണായക കരാർ ഒപ്പുവെച്ചത്.
യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനും സേവന നിലവാരം വർദ്ധിപ്പിക്കുന്നതിനുമായി പുറത്തിറക്കുന്ന ഈ ട്രെയിനുകളിൽ ഓരോന്നിലും 302 സീറ്റുകൾ വീതമുള്ള അഞ്ച് കോച്ചുകളാണുണ്ടാകുക. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന സുരക്ഷാ-സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ ട്രെയിനുകൾ യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാനുഭവം ഉറപ്പുനൽകുന്നു.
2024-ൽ വാങ്ങാൻ തീരുമാനിച്ച 10 ട്രെയിനുകൾക്ക് പുറമെയാണിത്. ഇതോടെ സൗദി റെയിൽവേ വാങ്ങുന്ന ആകെ പുതിയ ട്രെയിനുകളുടെ എണ്ണം 20 ആയി ഉയർന്നു. സൗദിയുടെ വിനോദസഞ്ചാര-സാമ്പത്തിക മേഖലകൾക്ക് വലിയ കരുത്തേകുന്ന ഗതാഗത വികസനത്തിലേക്കുള്ള പ്രധാന നാഴികക്കല്ലായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
Comments ()